മുംബൈ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് തുടക്കമായിരിക്കുകയാണ്. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) തമ്മിലുള്ള പോരാട്ടത്തിനായാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. രാഷ്‌ട്രീയ കാരണങ്ങളാല്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നിലവില്‍ ഇന്ത്യ-പാക് ടീമുകള്‍ പരസ്‌പരം മത്സരിക്കുന്നത്.
ഇതോടെ ഇരു ടീമുകളും നേര്‍ക്കുനേരെത്തുമ്പോഴുള്ള ആവേശം പതിന്മടങ്ങാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു (T20 World Cup 2022) അവസാനമായി ഇന്ത്യയും പാകിസ്ഥാനും പോരടിച്ചത്. അന്ന് വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ മികവില്‍ പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും ഇന്ത്യ വിജയം തട്ടിപ്പറിച്ച് എടുത്തിരുന്നു.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒരറ്റത്ത് നിലംപൊത്തുമ്പോഴും പൊരുതിക്കളിച്ചുകൊണ്ടായിരുന്നു വിരാട് കോലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇനി ഏഷ്യ കപ്പിനിറങ്ങുമ്പോഴും കോലിയുടെ അന്നത്തെ ബാറ്റിങ് പ്രകടനം പാകിസ്ഥാന്‍ ബോളര്‍മാര്‍ മറക്കാന്‍ ഇടയില്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് (Mohammad Kaif) അഭിപ്രായപ്പെട്ടിരിക്കുന്നത്.
"ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ, പാകിസ്ഥാനെതിരായ വിരാട് കോലിയുടെ ബാറ്റിങ് അതിഗംഭീരമായിരുന്നു(Mohammad Kaif on Virat Kohli's performance against Pakistan in T20 World Cup 2022). മത്സരം പാകിസ്ഥാനെതിരായാവുമ്പോള്‍ അദ്ദേഹം സമര്‍ത്ഥനായ ഒരു ബാറ്ററാണ്. പൂർണ്ണ ഉത്തരവാദിത്തവും കോലി ഏറ്റെടുക്കും. ശരിക്കും ഒരു ചേസ് മാസ്റ്ററാണ് അദ്ദേഹം" -കൈഫ് പറഞ്ഞു.