മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് സഞ്‌ജു സാംസണ്‍ വഹിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടിയാണ് 29-കാരന്‍ തിളങ്ങിയത്. ബാറ്റിങ്ങിന് അത്ര അനുകൂലമല്ലാത്ത പാളിലെ പിച്ചില്‍ 114 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 108 റണ്‍സായിരുന്നു സഞ്‌ജു നേടിയത് (Sanju Samson Against South Africa).
താരത്തിന്‍റെ ഈ പ്രകടനത്തെ വാഴ്‌ത്തിപ്പാടുകയാണ് ആരാധകര്‍. ഏകദിന ഫോര്‍മാറ്റില്‍ മികച്ച റെക്കോഡാണെങ്കിലും ടീമില്‍ സ്ഥിരക്കാരാനാവാന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടില്ല. സഞ്‌ജുവിനെ തഴയുമ്പോളെല്ലാം തന്നെ മറ്റ് താരങ്ങളിലെ 'എക്‌സ് ഫാക്‌ടര്‍' ആണ് ഇതിന് കാരണമെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവര്‍ പറയാറുള്ളത്. ഇപ്പോഴിതാ പാളിലെ സഞ്‌ജുവിന്‍റെ മിന്നും പ്രകടനത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫിന്‍റെ എക്‌സ് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
സെഞ്ചുറിയ്‌ക്ക് ശേഷം ഒരു കയ്യില്‍ ബാറ്റും മറ്റൊരു കയ്യില്‍ ഹെല്‍മെറ്റും ഉയര്‍ത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന സഞ്‌ജുവിന്‍റെ ചിത്രത്തിനൊപ്പം 'എക്‌സ് ഫാക്‌ടർ കൊണ്ടുവരുന്ന കളിക്കാരില്ലാതെ ക്രിക്കറ്റ് ഒന്നുമല്ല' എന്നാണ് കൈഫ് എഴുതിയിരിക്കുന്നത് (Mohammad Kaif on Sanju Samson X factor).
അതേസമയം സഞ്‌ജുവിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി താരത്തിന്‍റെ കടുത്ത വിമര്‍ശകരിലൊരാളായ സുനില്‍ ഗവാസ്‌കറും രംഗത്ത് എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ സെഞ്ചുറി താരത്തിന്‍റെ കരിയര്‍ തന്നെ മാറ്റി മറിയ്‌ക്കുമെന്നായിരുന്നു ഗവാസ്‌കറിന്‍റെ വാക്കുകള്‍ (Sunil Gavaskar on Sanju Samson).