മുംബൈ:ഏകദിന ലോകകപ്പില്‍ (ODI World Cup) ഇന്ത്യയ്‌ക്ക് ആവശ്യം നൂറ് ശതമാനം ഫിറ്റായ ജസ്‌പ്രീത് ബുംറയെ (Jasprit Bumrah) ആണെന്ന് മുന്‍ താരം മുഹമ്മദ് കൈഫ് (Mohammad Kaif). സ്റ്റാര്‍ പേസറുടെ പ്രകടനങ്ങളെ ആശ്രയിച്ചായിരിക്കും പ്രധാന മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയ സാധ്യതകള്‍ നിര്‍ണയിക്കപ്പെടുകയെന്നും കൈഫ് അഭിപ്രായപ്പെട്ടു. ഏഷ്യ കപ്പിന് (Asia Cup) മുന്നോടിയായി ബുംറ ടീമിലേക്ക് മടങ്ങി വരാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്ത്യയുടെ മുന്‍ താരത്തിന്‍റെ പ്രതികരണം.
2022 സെപ്‌റ്റംബറിലായിരുന്നു ജസ്‌പ്രീത് ബുംറ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനിറങ്ങിയത്. പിന്നാലെ, കഴിഞ്ഞ ടി20 ലോകകപ്പ് ഉള്‍പ്പടെയുള്ള പ്രധാന ടൂര്‍ണമെന്‍റുകള്‍ താരത്തിന് നഷ്‌ടമായിരുന്നു. തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് ഉള്‍പ്പടെ വിധേയനായ താരം ഈ മാസം ആരംഭിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നായകനായി സ്ഥാനം പിടിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 18നാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍. ബുംറയുടെ നേതൃത്വത്തില്‍ യുവനിരയുമായാണ് ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പറക്കുന്നത്.
'പരിക്കേറ്റ താരങ്ങളുടെ തിരിച്ചുവരവിനെ ആശ്രയിച്ചാണ് ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ജസ്‌പ്രീത് ബുംറ ഇപ്പോള്‍ ടീമിലേക്ക് മടങ്ങി വരുന്നത്. ഈ തിരിച്ചുവരവിലൂടെ അവന്‍ എത്രത്തോളം ഫിറ്റാണെന്ന ഒരു ധാരണ ഉറപ്പായും നമുക്ക് ലഭിക്കും.
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നൂറ് ശതമാനം ഫിറ്റായ ഒരു ബുംറയെ ആണ് നമുക്ക് ആവശ്യം. അവന്‍ കളിച്ചില്ലെങ്കില്‍ നമ്മള്‍ തോല്‍ക്കും. കഴിഞ്ഞ ടി20 ലോകകപ്പിലും ഏഷ്യ കപ്പിലും അത് കണ്ടതാണ്.
കാരണം, അവിടെ അയാള്‍ക്ക് ഒരു ബാക്ക് അപ്പ് പ്ലെയറെ കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞിരുന്നില്ല. നിലവില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ അസാന്നിധ്യം ഇന്ത്യയെ പേപ്പറില്‍ കരുത്തരാക്കുന്നില്ല. നിലവില്‍ ഇന്ത്യന്‍ ടീമിന് ആവശ്യം ബുംറയുടെ മടങ്ങിവരവാണ്' - കൈഫ് പറഞ്ഞു.
അതേസമയം, അയര്‍ലന്‍ഡ് പര്യടനത്തിലൂടെ ബുംറ ടീമിലേക്ക് തിരിച്ചെത്തുമെന്നത് ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്‌ക്ക് ശുഭസൂചനയാണ്. എന്നാല്‍, തിരിച്ചുവരവില്‍ താരത്തിന് പഴയ വേഗത്തിലും കൃത്യതയിലും പന്തെറിയാന്‍ കഴിയുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് നേരത്തെ ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റര്‍ വസീം ജാഫര്‍ (Wasim Jaffer) രംഗത്തെത്തിയിരുന്നു.ഇന്ത്യയുടെ ബോളിങ് യൂണിറ്റിന്‍റെ വലിയൊരു ഭാഗമാണ് ജസ്‌പ്രീത് ബുംറ.
'വരുന്ന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി പ്രധാനപ്പെട്ടൊരു റോള്‍ ബുംറയ്‌ക്കുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ടീം ഡെത്ത് ഓവറുകളില്‍ ബുംറയെ മിസ് ചെയ്യുന്നുണ്ട്. ഈ വര്‍ഷം മുഴുവനായി തന്നെ നമുക്ക് ബുംറയെ നഷ്‌ടപ്പെട്ടിരുന്നു.
പൂര്‍ണ ഫിറ്റ്‌നസിലേക്ക് അദ്ദേഹം മടങ്ങിവരേണ്ടത് അത്യാവശ്യമാണ്. എന്നാലും, പഴയ വേഗതയിലും താളത്തിലും ബുംറയ്‌ക്ക് പന്തെറിയാന്‍ സാധിക്കുമോ എന്നത് ഒരു ചോദ്യമാണ്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്ക് ഏറെ ആവശ്യമുള്ള താരമാണ് ബുംറ.
ലോകകപ്പിലും ഇന്ത്യന്‍ പേസ് നിരയെ ബുംറ തന്നെയാകും നയിക്കുന്നത്. അതുകൊണ്ട് തന്നെ ടൂര്‍ണമെന്‍റിന് മുന്‍പായി താരം പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്' വസീം ജാഫര്‍ അഭിപ്രായപ്പെട്ടു.
Also Read :KL Rahul |ശരിയായിട്ടില്ല, രാഹുലിന് കാത്തിരിക്കേണ്ടിവരും, ഏഷ്യ കപ്പ് നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്