മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പയില്‍ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഓസ്ട്രേലിയന്‍ ടീം പരിഭ്രാന്തരാണെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്. ഓസീസിന്‍റെ ടീം പ്രഖ്യാപനം തന്നെ ഇതിന്‍റെ സൂചനയാണ്. 18 കളിക്കാരുമായി ഓസീസ് ഇന്ത്യയിലെത്തുന്നത് ഇതാദ്യമായാണെന്നും കൈഫ് പറഞ്ഞു.
"18 കളിക്കാരുമായാണ് ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയത്. ഇതു തന്നെ അവർ പരിഭ്രാന്തരാണെന്നതിനെ കാണിക്കുന്നതാണ്. അവര്‍ സംശയത്തിലാണെന്നത് ഉറപ്പാണ്.
ഇതുവരെ 18 കളിക്കാരുമായി അവർ ഇന്ത്യയിൽ പര്യടനം നടത്തിയിട്ടില്ല. സ്വന്തം തട്ടകത്തിൽ ഇന്ത്യ ശക്തമായ ടീമാണെന്ന് അവർക്കറിയാം. ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമാവില്ലെന്നും". കൈഫ് പറഞ്ഞു.
ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ ഓസീസിന് കടുത്ത വെല്ലുവിളിയാവുമെന്നും കൈഫ് വ്യക്തമാക്കി. "ഓസ്‌ട്രേലിയ ശക്തമായ ടീമാണ്. അവര്‍ മികച്ച ഫോമിലുമാണ്. പക്ഷേ സ്വന്തം മണ്ണില്‍ ഇന്ത്യയെ തോൽപ്പിക്കുക ഒട്ടും എളുപ്പമല്ല.
അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിങ്ങനെയുള്ള ഇന്ത്യന്‍ സ്‌പിന്നര്‍മാരെ അവര്‍ക്ക് നേരിടാന്‍ കഴിയുമെങ്കില്‍ ഇത് മികച്ച മത്സരമാവും" കൈഫ് കൂട്ടിച്ചേര്‍ത്തു. ഗാബയില്‍ കളിക്കാതിരുന്ന വിരാട് കോലി ടീമിലേക്ക് തിരിച്ചെത്തിയത് കരുത്താവുമെന്നും മുന്‍ ബാറ്റര്‍ വ്യക്തമാക്കി.
ഈ മാസം ഒമ്പതിന് നാഗ്പൂരിലാണ് നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. 2004ന് ശേഷം ഇന്ത്യയില്‍ ആദ്യ ടെസ്റ്റ് പരമ്പരയാണ് പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയ ലക്ഷ്യം വയ്‌ക്കുന്നത്. പരമ്പരയ്‌ക്കായി 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.
മറുവശത്ത് പരമ്പരയുടെ ഫലം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്നതില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമാണ്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയാല്‍ ഇന്ത്യയ്‌ക്ക് ഓസീസ് തന്നെയാണ് എതിരാളി.
ഇന്ത്യയുടെ സ്പിൻ ഭീഷണി നേരിടാന്‍ കടുത്ത പരിശീലനമാണ് നിലവില്‍ ഓസ്‌ട്രേലിയ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി അശ്വിനോട് അസാധാരണ സാമ്യമുള്ള ബറോഡ താരം മഹേഷ് പിത്തിയയെക്കൊണ്ട് പന്തെറിയിച്ച് ഓസീസ് ബാറ്റര്‍മാര്‍ പരിശീലനം നടത്തുകയാണ്. സ്‌റ്റീവ് സ്‌മിത്ത്, മാർനസ് ലബുഷെയ്‌ന്‍, ട്രാവിസ് ഹെഡ് എന്നിവരെല്ലാം നെറ്റ്‌സില്‍ പിത്തിയയെ നേരിടാനിറങ്ങിയിരുന്നു.
ALSO READ:Watch: യൂസഫ് പഠാനെ നിലത്ത് നിര്‍ത്താതെ റഥർഫോർഡ്; തുടര്‍ച്ചയായി നേടിയത് അഞ്ച് സിക്‌സറുകള്‍
ഓസ്‌ട്രേലിയ സ്ക്വാഡ് : പാറ്റ് കമ്മിൻസ് (സി), ആഷ്ടൺ അഗർ, സ്കോട്ട് ബോലാൻഡ്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മർനസ് ലബുഷെയ്‌ന്‍, നഥാൻ ലിയോൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ.
ആദ്യ രണ്ട് ടെസ്റ്റിനായുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്‌റ്റൻ), കെ എൽ രാഹുൽ( വൈസ് ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്‌കട്ട്.