കറാച്ചി: ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ഫിറ്റ്‌നസില്‍ മുന്നറിയിപ്പുമായി പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് ആമിര്‍. മുതുകിനും കാൽമുട്ടിനും പരിക്കേല്‍ക്കുന്നത് ബോളര്‍മാരുടെ കരിയർ അവസാനിപ്പിക്കാന്‍ വരെ പോന്നതാണെന്ന് മുഹമ്മദ് ആമിര്‍. പൂർണ ഫിറ്റ്നസോടെ മടങ്ങിയെത്താന്‍ ബുംറയ്‌ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് മുന്‍ താരം പറഞ്ഞു.
"ജസ്‌പ്രീത് ബുംറ ദീർഘകാലം, ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരമായി കളിക്കുകയും, പിന്നീട് ഐപിഎല്ലിന്‍റെയും ഭാഗമായെന്നാണ് എനിക്ക് തോന്നുന്നത്. വര്‍ഷം മുഴുവനും ഇന്ത്യ ഏറെ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. അവന്‍ ഒരു മനുഷ്യനാണ്.
ദിവസാവസാനത്തില്‍ ശരീരം തളരുകയും വിശ്രമം ആവശ്യപ്പെടുകയും ചെയ്യും. ഒരു ബോളർക്ക് മുതുകിനും കാൽമുട്ടിനും പരിക്കേല്‍ക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്‍റെ ശത്രുവിന് പോലും ഈ രണ്ട് കാര്യങ്ങള്‍ സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്.
ഇത്തരം പരിക്കുകള്‍ കളിക്കാരുടെ കരിയർ അവസാനിപ്പിക്കാൻ ഇടയാക്കുന്നതാണ്. ബുംറ ശക്തനാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഞാൻ പ്രതീക്ഷിക്കുന്നു", മുഹമ്മദ് ആമിര്‍ പറഞ്ഞു. ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കെയാണ് പാക് മുന്‍ പേസറുടെ പ്രതികരണം.
ജസ്‌പ്രീത് ബുംറയില്ലാത്തത് ഇന്ത്യന്‍ പേസ് യൂണിറ്റിന് തിരിച്ചടിയാണെങ്കിലും മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്‍റെയും മിടുക്കില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയുന്നുണ്ടെന്നും 30കാരനായ മുഹമ്മദ് ആമിര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ഏറ്റവും കൂടുതല്‍ ആകർഷിച്ച ബോളർ മുഹമ്മദ് സിറാജാണെന്നും ആമിര്‍ പറഞ്ഞു.
"എന്നെ ഏറ്റവും കൂടുതല്‍ ആകർഷിച്ച ബോളർ മുഹമ്മദ് സിറാജാണ്. സമീപ കാലത്തെ അവന്‍റെ പ്രകടനം നോക്കുകയാണെങ്കില്‍, ഏതുഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ മെച്ചപ്പെട്ട ബോളറാണ് അവന്‍.
സിറാജിനോടൊപ്പം ഇന്ത്യ ഒന്നോ-രണ്ടോ യുവ ബോളര്‍മാരെ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്. കാരണം ഏകദേശം ഒന്നോ-രണ്ടോ വർഷത്തിനുള്ളിൽ, ഷമിയെപ്പോലുള്ള കളിക്കാര്‍ ഒരൊറ്റ ഫോര്‍മാറ്റില്‍ ഉറച്ചു നില്‍ക്കും", ആമിർ പറഞ്ഞു നിര്‍ത്തി.
പരിക്ക് മാറ്റാന്‍ ശസ്‌ത്രക്രിയ: മുതുകിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ബുംറ. ഈ പരിക്ക് മാറാന്‍ 29കാരനായ ജസ്‌പ്രീത് ബുംറ അടുത്തിടെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ക്രൈസ്റ്റ് ചർച്ചിലെ ഫോർട്ട് ഓർത്തോപീഡികിസ് ആശുപത്രിയിലാണ് ബുംറയുടെ ശസ്‌ത്രക്രിയ നടന്നത്.
കായിക ലോകത്ത് ഏറെ പ്രശസ്‌തനായ ഡോക്‌ടർ റോവൻ ഷൗട്ടനാണ് ബുംറയ്‌ക്ക് ശസ്ത്രക്രിയ നടത്തിയത്. ജോഫ്ര ആർച്ചർ, ഷെയ്ൻ ബോണ്ട്, ജെയിംസ് പാറ്റിൻസൻ, ജേസണ്‍ ബെഹ്‌റന്‍ഡോഫ് തുടങ്ങിയ താരങ്ങളെയും നേരത്തെ ഷൗട്ടന്‍ ചികിത്സിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിന്‍റെ മുന്‍ താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ബോളിങ് പരിശീലകനുമായ ഷെയ്ൻ ബോണ്ടാണ് ബുംറയുടെ ചികിത്സയ്‌ക്കായി റോവൻ ഷൗട്ടനെ നിര്‍ദേശിച്ചത്.
കുറഞ്ഞത് ആറ് മാസമെങ്കിലും താരത്തിന് വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഈ മാസം അവസാനത്തില്‍ ആരംഭിക്കുന്ന ഐപിഎല്ലിന് പുറമെ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യ കപ്പും 29കാരന് നഷ്‌ടമാവും. എന്നാല്‍ ഏകദിന ലോകകപ്പിന് മുന്നെ ബുംറയ്‌ക്ക് മടങ്ങിയെത്താനാവുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
ALSO READ:'മറ്റൊരാള്‍ ശരിയല്ലെന്ന് തെളിയിക്കേണ്ട കാര്യം എനിക്കില്ല' ; തുറന്നടിച്ച് വിരാട് കോലി