കറാച്ചി: ടി20 ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് പാകിസ്ഥാന്‍. മെല്‍ബണില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനോടാണ് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. എന്നാല്‍ പാക് ടീം ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ അര്‍ഹിച്ചിരുന്നില്ലെന്നാണ് മുന്‍ താരം മുഹമ്മദ് ആമിര്‍ പറയുന്നത്.
ടൂർണമെന്‍റിലുടനീളം ടീമിന്‍റെ ബാറ്റിങ് മികവ് പുലർത്തിയിരുന്നില്ലെന്ന് ആമിര്‍ പറഞ്ഞു. "ഞങ്ങൾ ഫൈനലിൽ കളിച്ചുവെന്നത് വലിയ കാര്യമാണ്. ഫൈനലിൽ കളിക്കാൻ ഞങ്ങൾ അർഹരായിരുന്നില്ല.
ഞങ്ങൾ എങ്ങനെ ഫൈനലിലേക്ക് മുന്നേറിയെന്ന് ലോകത്തിന് മുഴുവൻ അറിയാം. അവിടെ എത്താൻ അള്ളാഹു ഞങ്ങളെ സഹായിച്ചു. ഞങ്ങളുടെ ബാറ്റർമാരുടെ പ്രകടനം നോക്കുമ്പോള്‍ തന്നെ ഇക്കാര്യം നിങ്ങള്‍ക്ക് അറിയാനാവും", ആമിര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവലിന്‍റെ വക്കില്‍ നിന്നുമാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്‍റിന്‍റെ സെമിയിലെത്തിയത്. ഗ്രൂപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് അട്ടിമറിച്ചതാണ് സംഘത്തിന് മുന്നോട്ടുള്ള വഴി തുറന്നത്. സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചെത്തിയ പാക് പടയെ ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വീഴ്‌ത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 138 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്‍റെ വിജയ ശില്‍പി. 48 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്.
also read:സൂര്യയും കോലിയുമില്ലാതെ എന്ത് ലോകകപ്പ് ഇലവന്‍, നായകന്‍ ബട്‌ലര്‍