ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിനെതിരെ വമ്പന്‍ തോല്‍വിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയത്. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് ചെമ്പട യുണൈറ്റഡിനെ മുക്കിയത്. ആതിഥേയര്‍ക്കായി കോഡി ഗാപ്‌കോ, ഡാര്‍വിന്‍ ന്യൂനസ്, മുഹമ്മദ് സലാ എന്നിവര്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ റോബര്‍ട്ടോ ഫെര്‍മീഞ്ഞോയും ലക്ഷ്യം കണ്ടു.
മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയതോടെ രണ്ട് തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തം പേരില്‍ ചേര്‍ക്കാനും മുഹമ്മദ് സലായ്‌ക്ക് കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന വമ്പന്‍ റെക്കോഡ് ഉള്‍പ്പടെയാണ് 30കാരന്‍ അടിച്ചെടുത്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഇരട്ടവെടി പൊട്ടിച്ചതോടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 129 ഗോളുകളാണ് സലായുടെ അക്കൗണ്ടിലുള്ളത്.
ഇതോടെ ക്ലബ്ബിന്‍റെ ഇതിഹാസം റോബി ഫൗളറുടെ റെക്കോഡാണ് പഴങ്കഥയായത്. പ്രീമിയര്‍ ലീഗില്‍ 128 ഗോളുകളാണ് റോബി ഫൗളര്‍ ചെമ്പടയ്‌ക്കായി നേടിയിട്ടുള്ളത്. സ്റ്റീവൻ ജെറാർഡ് (120), മൈക്കൽ ഓവൻ (118), സാദിയോ മാനെ (90) എന്നിവരാണ് യഥാക്രമം ഇരുവര്‍ക്കും പിന്നിലുള്ളത്.
മത്സരത്തിലെ സലായുടെ ആദ്യ ഗോള്‍ പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെതിരെ ലിവര്‍പൂളിനായുള്ള ഒമ്പതാം ഗോളായിരുന്നു. ഇതോടെ ലീഗില്‍ യുണൈറ്റഡിനെതിരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ലിവര്‍പൂള്‍ താരമായും ഈജിപ്‌ഷ്യന്‍ സ്‌ട്രൈക്കര്‍ മാറി. എട്ട് ഗോളുകൾ നേടിയ സ്റ്റീവൻ ജെറാർഡായിരുന്നു ഇതിന് മുന്നേ ഈ റെക്കോഡ് കയ്യടക്കി വച്ചിരുന്നത്. രണ്ടാം തവണയും ലക്ഷ്യം കണ്ടതോടെ നിലവില്‍ 10 ഗോളുകളാണ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെതിരെ ലിവര്‍പൂള്‍ കുപ്പായത്തില്‍ സലായുടെ അക്കൗണ്ടിലുള്ളത്.
സന്തോഷം മാത്രം : യുണൈറ്റഡിനെതിരായ മത്സരത്തില്‍ തന്നെ കാത്തിരിക്കുന്ന റെക്കോഡുകളെക്കുറിച്ച് അറിയാമെന്ന് മുഹമ്മദ് സലാ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സര ശേഷം സൂപ്പര്‍ താരം പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ സവിശേഷമായ നേട്ടമാണ്.