ടെക്‌സാസ് :പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റ് (Major League Cricket -MLC) കിരീടം എം ഐ ന്യൂയോര്‍ക്കിന് (MI New York).ഫൈനലില്‍ സിയാറ്റിൽ ഓർക്കാസിനെ (Seattle Orcas) തകര്‍ത്താണ് എംഐ ചാമ്പ്യന്മാരായത്. സിയാറ്റിൽ ഓർക്കാസ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം നായകന്‍ നിക്കോളസ് പുരാന്‍റെ (Nicholas Pooran) വെടിക്കെട്ട് സെഞ്ച്വറിയുടെ (55 പന്തില്‍ 137) മികവില്‍ 16-ാം ഓവറിലാണ് എംഐ മറികടന്നത്.
മറുപടി ബാറ്റിങ്ങില്‍ അക്കൗണ്ട് തുറക്കും മുന്‍പ് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സ്റ്റീവന്‍ ടെയ്‌ലറിനെ (Steven Taylor) ന്യൂയോര്‍ക്കിന് നഷ്‌ടമായിരുന്നു. ഇതോടെ, മത്സരത്തില്‍ പിടിമുറുക്കാമെന്ന സിയാറ്റിലിന്‍റെ ആഗ്രഹങ്ങളെ തല്ലി തകര്‍ക്കുന്ന പ്രകടനമാണ് പിന്നീട് അവരുടെ നായകന്‍ നിക്കോളസ് പുരാന്‍ കാഴ്‌ചവച്ചത്. ആന്‍ഡ്രൂ ടൈ, വെയ്‌ന്‍ പാര്‍ണെല്‍, ഡ്വെയ്‌ന്‍ പ്രിട്ടോറിയസ് എന്നിവരെല്ലാം തന്നെ പുരാന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു.
സിയാറ്റിൽ ഓർക്കാസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിപ്പായിച്ച പുരാന്‍ പവര്‍പ്ലേയില്‍ നിറഞ്ഞാടി. ടീം ടോട്ടല്‍ 56ല്‍ എത്തിയപ്പോഴേക്കും പുരാന്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. തുടര്‍ന്നും ന്യൂയോര്‍ക്ക് നായകന്‍ അടി തുടര്‍ന്നു.
അതിനിടെ, 11 പന്തില്‍ 10 റണ്‍സ് നേടിയ ഷായന്‍ ജഹാംഗീറിനെയും അവര്‍ക്ക് നഷ്‌ടപ്പെട്ടു. എന്നാല്‍, അതിനെയൊന്നും വകവയ്‌ക്കാതെ പുരാന്‍ അടി തുടര്‍ന്നു. അങ്ങനെ, പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 80 റണ്‍സായിരുന്നു എംഐ ന്യൂയോര്‍ക്ക് സ്കോര്‍ബോര്‍ഡിലേക്ക് എത്തിയത്.
നാലാമനായി ക്രീസിലേക്കെത്തിയ യുവതാരം ഡെവാള്‍ഡ് ബ്രെവിസിന് (Dewald Brevis) നായകന് വേണ്ട പിന്തുണ നല്‍കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തകര്‍ത്തടിച്ച പുരാന്‍ നേരിട്ട 40-ാം പന്തിലാണ് സെഞ്ച്വറിയിലേക്ക് എത്തിയത്. പുരാനെ പിടിച്ചുകെട്ടാന്‍ സിയാറ്റിൽ ഓർക്കാസ് നിരയില്‍ ആര്‍ക്കും സാധിക്കാതെ വന്നപ്പോള്‍ അനായാസം എം ഐ ന്യൂയോര്‍ക്ക് ജയത്തിനരികിലേക്ക് കുതിച്ചു.
13-ാം ഓവറില്‍ ബ്രെവിസ് (18 പന്തില്‍ 20) റണ്‍ഔട്ട് ആയെങ്കിലും ന്യൂയോര്‍ക്കിനെ അതൊന്നും കാര്യമായി ബാധിച്ചില്ല. അഞ്ചാമന്‍ ടിം ഡേവിഡ് (Tim David) 10 റണ്‍സ് നേടി നായകനൊപ്പം പുറത്താകാതെ നിന്നു. ഒടുവില്‍ 16-ാം ഓവറിലെ അവസാന പന്തില്‍ ഫോര്‍ നേടി നിക്കോളസ് പുരാന്‍ തന്നെ തന്‍റെ ടീമിനെ വിജയകിരീടത്തിലേക്ക് എത്തിക്കുകയായിരുന്നു. 13 സിക്‌സറുകളും 10 ഫോറും അടങ്ങിയതായിരുന്നു നിക്കോളസ് പുരാന്‍റെ ഇന്നിങ്സ്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സിയാറ്റിൽ ഓർക്കാസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ (Quinton De Kock) അര്‍ധസെഞ്ച്വറിയുടെ മികവിലാണ് 9 വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്‍സ് നേടിയത്. 52 പന്തില്‍ 87 റണ്‍സായിരുന്നു ഡി കോക്കിന്‍റെ സമ്പാദ്യം. ന്യൂയോര്‍ക്കിനായി പന്തെറിഞ്ഞ ട്രെന്‍റ് ബോള്‍ട്ട്, റാഷിദ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളാണ് മത്സരത്തില്‍ നേടിയത്.