ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്‍റെ ജീവചരിത്രം പറയുന്ന ‘സബാഷ് മിത്തു’ 2022 ഫെബ്രുവരി 4ന് തിയറ്ററുകളിലെത്തും. താരത്തിന്‍റെ 39ാം പിറന്നാളിനോടനുബന്ധിച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മിതാലിയും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ശ്രിജിത് മുഖർജിയാണ് ഇതിഹാസ താരത്തിന്‍റെ ജീവചരിത്രം സംവിധാനം ചെയ്യുന്നത്. തപ്സി പന്നുവാണ് വെള്ളിത്തിരയില്‍ മിതാലിയായെത്തുന്നത്. പ്രിയ ആവെനിന്‍റേതാണ് തിരക്കഥ. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുന്നത്. 50 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.