വെല്ലിങ്‌ടണ്‍: വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിടപറയും എന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ഇന്ത്യൻ വനിത ടീം ക്യാപ്‌റ്റൻ മിതാലി രാജ്. 2000ൽ ന്യൂസിലൻഡിൽ നടന്ന ലോകകപ്പ് ടീമിന്‍റെ ഭാഗമായിരുന്നു മിതാലി. ആദ്യ ലോകകപ്പിന് 22 വർഷം പിന്നിടുമ്പോഴും ലോകകപ്പ് കിരീടം എന്ന സ്വപ്‌നം ഇന്നും പൂർത്തീകരിക്കാതെ മിതാലിയിൽ അവശേഷിക്കുന്നു.
'2000 ത്തിൽ ന്യൂസിലൻഡിൽ നടന്ന ലോകകപ്പിൽ നിന്ന് ഞാൻ ഒരുപാട് മുന്നോട്ട് പോയി. അന്ന് ടൈഫോയ്‌ഡ് കാരണം എനിക്ക് ലോകകപ്പ് മത്സരങ്ങൾ നഷ്‌ടമായി. എന്‍റെ കരിയർ ഒരു വൃത്താകൃതിയിലാണ്. ആ വൃത്തം ഈ ലോകകപ്പ് വിജയത്തോടെ പൂർത്തീകരിക്കാനാണ് ഞാൻ കാത്തിരിക്കുന്നത്. മിതാലി പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. അത് ഇന്ത്യൻ ടീമിന് കിരീടം എന്ന സ്വപ്നം നേടിക്കൊടുക്കാൻ സഹായിക്കും. ലോകകപ്പിനുള്ള ടീമെന്ന നിലയിൽ ഞങ്ങൾ മെച്ചപ്പെട്ട് വരുന്നുണ്ട്. മിതാലി പറഞ്ഞു.