ന്യൂഡല്‍ഹി:കഴിഞ്ഞ വനിത ക്രിക്കറ്റ് ലോകകപ്പോടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് സൂചന നല്‍കിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം വലിയ അമ്പരപ്പാണ് ക്രിക്കറ്റ് ലോകത്തുണ്ടാക്കിയിരിക്കുന്നത്. 1999ൽ 16 വയസുളളപ്പോൾ ഇന്ത്യക്കായി കളിച്ചു തുടങ്ങിയ താരം 23 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിച്ചത്.
വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുളള വൈകാരികമായ പ്രസ്‌താവന മിതാലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഉയര്‍ച്ച താഴ്‌ചകള്‍ നിറഞ്ഞ കരിയറിലെ പിന്തുണയ്‌ക്ക് ആരാധകരോട് നന്ദി പറഞ്ഞ താരം, ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്കായി തുടര്‍ന്നും സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നതായും പ്രസ്‌താവനയില്‍ വ്യക്തമാക്കി.
മിതാലിയുടെ പ്രസ്‌താവന പൂര്‍ണ്ണ രൂപം:"രാജ്യത്തെ പ്രതിനിധീകരിക്കുന്നത് പരമോന്നത ബഹുമതിയായതിനാൽ ഇന്ത്യയുടെ നീലക്കുപ്പായം ധരിക്കാനുള്ള യാത്ര കുട്ടിക്കാലം മുതല്‍ ഞാന്‍ ആരംഭിച്ചിരുന്നു. ഉയര്‍ച്ചകളും താഴ്‌ചകളും നിറഞ്ഞ യാത്രയായിരുന്നു അത്. ഓരോ സംഭവവും എന്നെ അതുല്യമായ പലതും പഠിപ്പിച്ചു.
കഴിഞ്ഞ 23 വർഷം ഏറ്റവും മികച്ചതായിരുന്നു. എന്‍റെ ജീവിതത്തിലെ സംതൃപ്‌തവും വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യകരവുമായ വർഷങ്ങൾ. എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം. ഇന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും ഞാൻ വിരമിക്കുന്ന ദിവസമാണ്. ഓരോ തവണയും മൈതാനത്ത് ഇറങ്ങുമ്പോൾ ഇന്ത്യയെ വിജയിപ്പിക്കുന്നതിനായി ഏറ്റവും മികച്ചത് നൽകാനാണ് ഞാന്‍ ശ്രമം നടത്തിയത്. ഈ ത്രിവർണ്ണ പതാകയെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം എപ്പോഴും ഞാൻ വിലമതിക്കുന്നു.
കഴിവുള്ള ചില യുവ താരങ്ങളുടെ കൈകളിൽ ടീം ഉള്ളതിനാൽ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി ശോഭനമാണ്. ഇക്കാരണത്താല്‍ എന്‍റെ കരിയറിന് തിരശ്ശീലയിടാൻ പറ്റിയ സമയമാണ് ഇതെന്ന് തോന്നുന്നു. ആദ്യം ഒരു ക്രിക്കറ്റര്‍ എന്ന നിലയിലും, ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ എന്ന നിലയിലും നല്‍കിയ എല്ലാ പിന്തുണക്കും ബിസിസിഐയ്‌ക്കും, ജയ് ഷാ സാറിനും (ബിസിസിഐ സെക്രട്ടറി) നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു.
ഇത്രയും വർഷം ടീമിനെ നയിക്കാനായത് അഭിമാനകരമായ കാര്യമാണ്. അത് തീർച്ചയായും ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തുകയും ഇന്ത്യൻ വനിത ക്രിക്കറ്റിനെ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്‌തു. ഈ യാത്ര അവസാനിച്ചിരിക്കാം, എന്നാല്‍ ഞാൻ ഇഷ്‌ടപ്പെടുന്ന ഗെയിമിൽ തുടർന്ന്, ഇന്ത്യയിലും ലോകമെമ്പാടുമുള്ള വനിത ക്രിക്കറ്റിന്‍റെ വളർച്ചയ്‌ക്ക് സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ആരാധകരോടും, നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി, മിതാലി"- താരം പ്രസ്‌താവനയില്‍ വ്യക്തമാക്കി.
12 ടെസ്റ്റുകളിലും, 232 ഏകദിനങ്ങളിലും, 89 ടി20കളിലും രാജ്യത്തെ പ്രതിനിധീകരിച്ച മിതാലി രാജ് രണ്ട് തവണ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചിട്ടുണ്ട്. രാജ്യം മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ച ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്റര്‍ കൂടിയാണ് മിതാലി.