കൊല്‍ക്കത്ത :ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലില്‍ (Cricket World Cup 2023) ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ടീമിനെതിരെയാണ് തങ്ങള്‍ മത്സരിക്കാനിറങ്ങുന്നതെന്ന് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് (Mitchell Starc About Cricket World Cup 2023 Final). ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി ഓസ്‌ട്രേലിയ കലാശപ്പോരിന് ടിക്കറ്റെടുത്തതിന് പിന്നാലെയായിരുന്നു സ്റ്റാര്‍ക്കിന്‍റെ പ്രതികരണം. ഞായറാഴ്‌ച (നവംബര്‍ 19) നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയെ ആണ് കങ്കാരുപ്പട നേരിടുന്നത് (India vs Australia Final).
'ലോകകപ്പിന്‍റെ ഫൈനല്‍, ഒരു വലിയ വേദിയാണ്. ഇതുപോലൊരു വേദിയില്‍ നേരത്തെയും ഇരു ടീമുകളിലെയും താരങ്ങള്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഈ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഞങ്ങളായിരുന്നു മത്സരിച്ചത്.
ഇവിടെ രണ്ട് ടീമുകള്‍ക്കും സമ്മര്‍ദമുണ്ടാകും. ക്രിക്കറ്റിന്‍റെ വലിയൊരു ദൃശ്യവിരുന്നായിരിക്കും ഈ മത്സരമെന്നത് സംശയമില്ലാത്ത കാര്യമാണ്. ഈ ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ.
ഫൈനലിലേക്ക് രണ്ട് ടീമുകളും അവരുടേതായ വഴിയാണ് കണ്ടെത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആയിരുന്നു ഞങ്ങള്‍ കളിച്ചത്. ഇപ്പോള്‍, അവസാന മത്സരത്തിലും അവരെ തന്നെ നേരിടാനൊരുങ്ങുന്നു'- മിച്ചല്‍ സ്റ്റാര്‍ക് അഭിപ്രായപ്പെട്ടു.
ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോല്‍വി വഴങ്ങിക്കൊണ്ടാണ് ഓസ്‌ട്രേലിയ ലോകകപ്പ് യാത്ര തുടങ്ങിയത്. എന്നാല്‍, പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും ജയിക്കാന്‍ അവര്‍ക്കായി. പ്രാഥമിക റൗണ്ടില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നും ഏഴ് ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായിട്ടാണ് കങ്കാരുപ്പട സെമി ഫൈനലിന് യോഗ്യത നേടിയത്.
സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വിക്കറ്റിന്‍റെ ജയമാണ് കങ്കാരുപ്പട സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം വേദിയായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസിനെ 212 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. ഓസീസ് പേസര്‍മാരുടെ മികവായിരുന്നു കരുത്തുറ്റ പ്രോട്ടീസ് ബാറ്റിങ് നിരയെ പൂട്ടിയത്.
മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് (Pat Cummins) എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സെഞ്ച്വറിയുമായി ഡേവിഡ് മില്ലറായിരുന്നു (David Miller) അവരുടെ രക്ഷകനായത്. മറുപടി ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡിന്‍റെ അര്‍ധസെഞ്ച്വറിയാണ് ഓസീസ് ജയത്തില്‍ നിര്‍ണായകമായത്.
Also Read:'ഇന്ത്യ ശക്തരാണ്, എതിരാളി ആരായാലും ഫൈനലില്‍ വിയര്‍ക്കേണ്ടി വരും...' മുന്നറിയിപ്പുമായി കെയ്‌ന്‍ വില്യംസണ്‍
48 പന്തില്‍ 62 റണ്‍സാണ് ഓപ്പണറായി ക്രീസിലെത്തിയ ഹെഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്‌ടപ്പെട്ട ഓസ്‌ട്രേലിയ 16 പന്ത് ശേഷിക്കെ ജയത്തിലേക്ക് എത്തുകയായിരുന്നു.