മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഉയരത്തിലേക്ക് മറ്റൊരു മലയാളി കൂടി. വയനാട് ഒണ്ടയങ്ങാടി സ്വദേശിയായ മിന്നു മണിയെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ വനിത ടീമില്‍ ഉള്‍പ്പെടുത്തി. ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള 18 അംഗ ടീമിലാണ് ഓള്‍റൗണ്ടറായ മിന്നു മണി ഇടം നേടിയത്. 2019-ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്ന താരം ഏഷ്യ കപ്പ് ജൂനിയർ ചാമ്പ്യന്‍ഷിപ്പിലും കളിച്ചിട്ടുണ്ട്.
എന്നാല്‍ ഇതാദ്യമായാണ് ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് 24-കാരിയായ മിന്നുവിന് വിളിയെത്തുന്നത്. ഇതോടെ കേരളത്തിൽ നിന്നും ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ വനിത താരമായും മിന്നു മണി. മണി സികെ-വസന്ത ദമ്പതികളുടെ മകളാണ്.
പത്താം വയസ്സിൽ വീടിനടുത്തുള്ള നെൽവയലിൽ ആൺകുട്ടികളോടൊപ്പമാണ് മിന്നു മണി ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്. ഇടപ്പാടി സർക്കാർ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേര്‍ന്നതോടെയാണ് താരത്തിന് കളി കാര്യമായത്. പിന്നീട് 16-ാം വയസില്‍ കേരള ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തിയ മിന്നുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. വനിത ഓള്‍ ഇന്ത്യ ഏകദിന ടൂര്‍ണമെന്‍റിന്‍റെ കഴിഞ്ഞ സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ മിന്നു ബോളുകൊണ്ടും തിളങ്ങിയിരുന്നു. സീസണിൽ എട്ട് മത്സരങ്ങളിൽ നിന്ന് 246 റൺസ് അടിച്ചെടുത്ത താരം 12 വിക്കറ്റുകളും നേടിക്കൊണ്ടാണ് തന്‍റെ ഓള്‍ റൗണ്ടര്‍ മികവ് അടിവരയിട്ടത്.
വനിത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്‍റ താരമാണ് മിന്നു. കഴിഞ്ഞ സീസണിന് മുന്നോടിയായുള്ള താര ലേലത്തില്‍ 30 ലക്ഷം രൂപയ്‌ക്കായിരുന്നു ഡല്‍ഹി മിന്നുവിനെ കൂടാരത്തില്‍ എത്തിച്ചത്. എന്നാല്‍ സീസണില്‍ ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ ഇടംകൈയ്യന്‍ ബാറ്ററും സ്പിന്നറുമായ മിന്നുവിന് കാര്യമായ അവസരം ലഭിച്ചിരുന്നില്ല. മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറ്റം നടത്തിയ താരത്തിന് ആകെ മൂന്ന് മത്സരങ്ങളിലാണ് അവസരം ലഭിച്ചത്.
അതേസമയം ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിനങ്ങളും അത്രതന്നെ ടി20 മത്സരങ്ങളുമടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഇതില്‍ ഏകദിന ടീമില്‍ മിന്നു ഉള്‍പ്പെട്ടിട്ടില്ല. രണ്ട് ഫോര്‍മാറ്റിലും ഹര്‍മന്‍പ്രീത് കൗറിന് കീഴിലാണ് ഇന്ത്യ കളിക്കുന്നത്.
ഇന്ത്യ ടി20 സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലിന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, എസ്. മേഘന, പൂജ വസ്ത്രാകാര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജി, അനുഷ ബാറെഡ്ഡി, മിന്നു മണി.
ഇന്ത്യ ഏകദിന സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, പ്രിയ പൂനിയ, പൂജ വസ്ത്രകാര്‍, ഹര്‍ലിന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, സ്‌നേഹ് റാണ.
ALSO READ: Ashes 2023 | 'അവന്‍റെ മിടുക്ക് അഭിന്ദനം അര്‍ഹിക്കുന്നു'; ബെയര്‍സ്റ്റോ വിക്കറ്റ് വിവാദത്തില്‍ അലക്‌സ് കാരിയെ പിന്തുണച്ച് ആര്‍ അശ്വിന്‍