തിരുവനന്തപുരം : ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിൽ കാണികൾ കുറഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി വി. അബ്ദുറഹിമാന്‍. സംഘാടകര്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുന്ന ചുമതല മാത്രമാണ് സര്‍ക്കാരിനുള്ളത്. നിരക്ക് തീരുമാനിച്ചത് ക്രിക്കറ്റ് അസോസിയേഷനാണെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ കളികാണേണ്ടെന്ന മന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദമായതിന് പിന്നാലെയാണ് ക്രിക്കറ്റ് അസോസിയേഷനെതിരെയുള്ള മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ ആണ്. സംഘാടകര്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുന്ന ചുമതല മാത്രമാണ് സര്‍ക്കാരിനുള്ളത്. കാര്യവട്ടത്തെ കളി നടക്കുമ്പോള്‍ നിയമ പ്രകാരം വിനോദ നികുതി 50 മുതല്‍ 24 ശതമാനം വരെ കോര്‍പറേഷന് നല്‍കണം. എന്നാല്‍ ഇത്തവണ അത് 12% ആയി കുറച്ച് സാധാരണക്കാര്‍ക്ക് പ്രയാസമില്ലാതെ കളികാണാന്‍ അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തത്.
ടിക്കറ്റ് നിരക്കിന്‍റെ നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാധ്യമങ്ങളോട് പാവപ്പെട്ടവര്‍ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട് എന്നാണ് താന്‍ പറഞ്ഞതെന്നും എന്നാല്‍ അത് മന്ത്രിയുടെ നിലപാടാണെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണ് ചെയ്‌തതെന്നും വി. അബ്ദുറഹിമാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അടക്കം രംഗത്തുവന്നിരുന്നു. കായിക മന്ത്രിയുടെ പരാമര്‍ശം വരുത്തിവച്ച വിന ഇന്നലെ നേരില്‍ കണ്ടു എന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ എക്കാലവും കളിയ്ക്കും കായികതാരങ്ങള്‍ക്കും കളിയാസ്വാദകര്‍ക്കും ഒപ്പമാണ്. ഇവിടെ നടക്കുന്ന മുഴുവന്‍ കായിക മത്സരങ്ങള്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. മത്സരങ്ങള്‍ കൂടുതല്‍ പേര്‍ കണ്ട് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇവിടെ മികച്ച കായികതാരങ്ങള്‍ ഉയര്‍ന്നുവരണം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരങ്ങള്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും കാണാന്‍ അവസരം ഉണ്ടാകണം. അതിന് ആവശ്യമായ എല്ലാ നടപടികളും അതത് സമയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ തവണ ഗ്രൗണ്ടിന്‍റെ മോശം അവസ്ഥ ഉള്‍പ്പടെ ഏറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ഗംഭീരമായി വേദിയൊരുക്കിയത്.
ഇന്ത്യന്‍ ടീമിന്‍റെ മത്സരങ്ങള്‍ പൂര്‍ണമായും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ (ബി സി സി ഐ) നിയന്ത്രണത്തിലും ഉത്തരവാദിത്വത്തിലുമാണ് നടക്കുന്നത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണ്. സംഘാടകര്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുന്ന ചുമതല മാത്രമാണ് സര്‍ക്കാരിനുള്ളത്. മത്സര നടത്തിപ്പിലോ, ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലോ ഒരു പങ്കുമില്ല. സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും സര്‍ക്കാരിന്‍റെയും നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അത്തരത്തില്‍ ഒരു അംഗീകാരവും വേണ്ടെന്നും പണ്ടേ അറിയിച്ചിട്ടുള്ളവരാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ സംസ്ഥാന സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അത് കുറയ്ക്കാന്‍ ബന്ധപ്പെട്ട ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍, അനുകൂല നടപടി ഉണ്ടായില്ല. ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, പാവപ്പെട്ടവര്‍ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട്, എന്ന് സൂചിപ്പിച്ച് മറുപടി പറഞ്ഞതിനെ പട്ടിണിക്കാര്‍ കളി കാണേണ്ട എന്ന് മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയും ചെയ്‌തു. ചില എതിരാളികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം വികലമായി അവതരിപ്പിക്കുകയും ചെയ്‌തു. സര്‍ക്കാരിന്‍റെ വിനോദ നികുതിയാണ് നിരക്ക് കൂടാന്‍ കാരണം എന്ന വാദവുമായി ക്രിക്കറ്റ് അധികാരികളും രംഗത്തുവന്നു.
മുന്‍കാലങ്ങളില്‍ കൊച്ചിയായിരുന്നു കേരളത്തിലെ അന്താരാഷ്ട്ര ക്രിക്കറ്റ് വേദി. കാര്യവട്ടത്ത് സര്‍ക്കാര്‍ നല്ലൊരു സ്റ്റേഡിയം ഒരുക്കിയപ്പോള്‍ ക്രിക്കറ്റ് അധികാരികള്‍ കളി ഇങ്ങോട്ട് മാറ്റി. ഈ ക്രിക്കറ്റ് മൈതാനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയതിനാലും കാണികളുടെ നല്ല പ്രതികരണമുണ്ടായതിനാലും കൂടുതല്‍ മത്സരങ്ങള്‍ ഇവിടെ കൊണ്ടുവരാന്‍ അത് ബിസിസിഐയ്ക്ക് പ്രേരണയായി.
കാര്യവട്ടത്ത് കളി നടക്കുമ്പോള്‍ നിയമ പ്രകാരം വിനോദ നികുതി ഇനത്തില്‍ 50 മുതല്‍ 24 ശതമാനം വരെ കോര്‍പറേഷന് നല്‍കണം. ഇത്തവണ അത് 12 ശതമാനമായി കുറച്ചു. ടിക്കറ്റ് നിരക്ക് കുറയാനും സാധാരണക്കാര്‍ക്ക് പ്രയാസമില്ലാതെ കാണാനും അവസരം ഒരുക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്ദേശിച്ചത്. മുന്‍കാലങ്ങളില്‍ വലിയ ഇടവേളകളിലാണ് കേരളത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നിരുന്നത്. അതിനാല്‍ അന്ന് നികുതി ഒഴിവാക്കുകയും വലിയ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 3 മാസത്തിനിടയിലാണ് അടുത്ത കളി നടന്നത്. ഒരു വര്‍ഷം തുടര്‍ച്ചയായി വലിയ ഇളവ് നല്‍കുക പ്രയാസമാണ്. ഇത്തരത്തില്‍ നികുതികള്‍ ഒഴിവാക്കുന്നത് വലിയ ബാധ്യതയാകും. കളി നടക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഹോരാത്രം പണിയെടുക്കുകയുമാണ്. ക്രമസമാധാനം, ഗതാഗതം, ആരോഗ്യം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ കഠിനാധ്വാനമാണ് നടത്തുന്നത്.
വന്‍കിട മെട്രോ നഗരങ്ങളിലെ സ്റ്റേഡിയങ്ങളില്‍ ഈടാക്കുന്ന നിരക്കിനേക്കാള്‍ വളരെ കൂടുതലാണ് ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന കളികള്‍ക്ക് ക്രിക്കറ്റ് അസോസിയേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തിന് 650 രൂപയാണ് കുറഞ്ഞ നിരക്ക്. അവിടെ മുഴുവന്‍ ടിക്കറ്റും വിറ്റുപോയി. കൂടുതല്‍ പേര്‍ കാണാനാഗ്രഹിക്കുന്ന ടി20 മത്സരത്തിന് മുംബൈയില്‍ 700 രൂപയായിരുന്നു. പുനെയില്‍ 800 ഉം. ന്യൂസിലാന്‍ഡ് പോലെ ശക്തമായ ടീമിനെതിരെ ഈ മാസം 18ന് ഹൈദരാബാദില്‍ നടക്കുന്ന ഏകദിനത്തിന് 850 രൂപയാണ് കുറഞ്ഞ നിരക്ക്. ഇക്കാര്യം സമ്മതിക്കാന്‍ പോലും കെസിഎ തയ്യാറല്ല.
സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം സൗജന്യമായി അനുവദിച്ചിട്ടും, വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി കളി നടത്തുന്നവര്‍ വരുമാനത്തിന്‍റെ ഒരു ചെറിയ ഭാഗം പോലും കേരളത്തിലെ കായിക വികസനത്തിന് ചെലവഴിക്കുന്നില്ല എന്ന പരാതിയും പറഞ്ഞിരുന്നു. നമുക്ക് നാളെ നല്ല ക്രിക്കറ്റര്‍മാരും മറ്റ് താരങ്ങളും വേണമെങ്കില്‍ നല്ല മൈതാനങ്ങളും മറ്റും വ്യാപകമാകണം. പാവപ്പെട്ടവര്‍ക്ക് ഇത്തരം പിന്തുണയില്ലെങ്കില്‍ കായിക രംഗത്ത് വളര്‍ന്ന് വരാന്‍ കഴിയില്ല.
കാര്യവട്ടത്ത് കളി കാണാന്‍ കാണികള്‍ വരാതിരുന്നത് മന്ത്രി കാരണം എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ക്ക് നല്ല പ്രചാരം കൊടുക്കാന്‍ പല മാധ്യമങ്ങളും മത്സരിച്ചു. എന്നാല്‍, നമ്മുടെ കായിക മേഖലയ്ക്കും കളി ആസ്വാദകര്‍ക്കും ഈ കളിയും ഇതിലൂടെ ഉണ്ടാകുന്ന വരുമാനവും പ്രയോജനപ്പെടുന്നതിനും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും നടത്തിയ വാദങ്ങള്‍ എല്ലാവരും അവഗണിച്ചു. ഈ കാര്യങ്ങള്‍ വിശദമാക്കി മത്സരത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മാധ്യമങ്ങള്‍ക്ക് പ്രസ്‌താവന നല്‍കിയിരുന്നു.
അന്നും അധികമാരും ഗൗനിച്ചില്ല. പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിച്ച് വിവാദം കൊഴുപ്പിക്കാനായിരുന്നു തിടുക്കം. കാണികള്‍ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടുപ്പുകേടാണ്. ഈ അബദ്ധം മനസിലായപ്പോള്‍ ക്രിക്കറ്റ് അസോസിയേഷനും കുറ്റം മന്ത്രിക്കുമേല്‍ ചാരി തടിതപ്പാന്‍ നോക്കുകയാണ്. 3 മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ശ്രീലങ്കയുമായി കളിച്ചത്. ഇതില്‍ ആദ്യ രണ്ട് കളികള്‍ ഇന്ത്യ ജയിച്ചതോടെ മൂന്നാം മത്സരം അപ്രസക്തമായി. അതോടെ കളി ആസ്വദിക്കുന്നവര്‍ക്ക് താല്‍പ്പര്യം കുറയും.
നിലവില്‍ ഐസിസി റാങ്കിങ്ങില്‍ ശ്രീലങ്ക എട്ടാമതാണ്. ഒരുകാലത്തെ ലോക ചാമ്പ്യന്മാരുടെ നിരയില്‍ പേരു കേട്ട ഒരു കളിക്കാരന്‍ പോലും ഇന്നില്ല. അതുകൊണ്ട് തന്നെ ടീമിനോട് ആര്‍ക്കും വലിയ ആരാധനയില്ല. കാര്യവട്ടത്തെ മത്സര ഫലം ടീമിന്‍റെ നിലവാരം ഒന്നുകൂടി തെളിയിച്ചു. ദുര്‍ബല എതിരാളികളായതിനാലും കാണികള്‍ കുറയും. ടി20 കാണുന്നത് പോലെ ഇപ്പോള്‍ ഏക ദിനത്തിന് ആളുകൂടാറില്ല. അല്ലെങ്കില്‍ അത്ര ആവേശകരമായ സാഹചര്യമായിരിക്കണം. കടുത്ത വെയിലും ചൂടും മറ്റൊരു കാരണമായി.
ഇതെല്ലാം മറച്ചുവച്ച്, മന്ത്രിക്ക് നേരെ ആക്ഷേപവുമായി വരുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. കാര്യവട്ടത്ത് കളി കാണാന്‍ ആളുകയറാതിരുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥ പ്രതികളെ വെള്ളപൂശാന്‍ കാണിക്കുന്ന തിടുക്കം കാണുമ്പോള്‍ എന്തോ പന്തികേട് തോന്നുന്നു. കളിയും കളിക്കാരും കാണികളുമാണ് പ്രധാനം. അവര്‍ക്ക് വേണ്ടിയാണ് ഈ ഗവണ്‍മെന്‍റ് നിലകൊള്ളുന്നത്. വസ്‌തുതകള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. അവര്‍ തീരുമാനിക്കട്ടെ.