അഹമ്മദാബാദ് :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡയറക്‌ടര്‍ മിക്കി ആര്‍തര്‍ (Micky Arthur). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തില്‍പ്പരം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന് ഒരു പിന്തുണയും ലഭിച്ചില്ലെന്ന് ആര്‍തര്‍ പറഞ്ഞു. ഇന്നലെ (ഒക്‌ടോബര്‍ 14) നടന്ന മത്സരത്തില്‍ ഇന്ത്യയോട് ഏഴ് വിക്കറ്റിനായിരുന്നു പാക് ടീം പരാജയപ്പെട്ടത് (India vs Pakistan Match Result).
'ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനിടെ ഐസിസി ടൂര്‍ണമെന്‍റാണ് നടക്കുന്നതെന്ന ഒരു തോന്നലും എനിക്ക് ഉണ്ടായിരുന്നില്ല. ഇത് ഇപ്പോള്‍ പറയുകയാണ് വേണ്ടതെന്ന് മാത്രം എനിക്കറിയാം. മത്സരം നടക്കുന്ന സമയങ്ങളിലെല്ലാം സ്റ്റേഡിയത്തിലെ മുഴുവന്‍ പിന്തുണയും ലഭിച്ചത് ഇന്ത്യയ്‌ക്കായിരുന്നു.
ആരാധകര്‍ പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന വാചകം പോലും പറയാന്‍ മൈക്കിലൂടെ ഒരു അനൗണ്‍സ്‌മെന്‍റ് പോലും ഉണ്ടായിരുന്നില്ല. ഇതെല്ലാം കണ്ടപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരു ദ്വിരാഷ്‌ട്ര പരമ്പര മാത്രമാണ് എന്നാണ് എനിക്ക് തോന്നിയത്. പാകിസ്ഥാന്‍റെ തോല്‍വിയുടെ പ്രധാന കാരണം അതാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല, എന്നാല്‍ ഈ തോല്‍വിയില്‍ അതും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാന്‍ സാധിക്കും' മിക്കി ആര്‍തര്‍ പറഞ്ഞു (Micky Arthur About India vs Pakistan Match Ambience at Ahmedabad).