ലണ്ടന്‍:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോലിയെ വിമര്‍ശിച്ച പാകിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസിനെതിരെ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ (Micheal Vaughn). നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 121 പന്ത് നേരിട്ട വിരാട് കോലി 101 റണ്‍സാണ് നേടിയത്. ഈ സെഞ്ച്വറിയോടെ ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിന് ഒപ്പമെത്താനും വിരാട് കോലിക്കായിരുന്നു.
ഇതിന് പിന്നാലെയായിരുന്നു വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ് രംഗത്തെത്തിയത്. ടീമിന് വേണ്ടിയല്ല, തന്‍റെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് വിരാട് കോലി ബാറ്റ് വീശിയതെന്ന് ഹഫീസ് പറഞ്ഞിരുന്നു.
'ഈ ലോകകപ്പില്‍ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് കോലിയുടെ ബാറ്റിങ്ങില്‍ സ്വാര്‍ഥത കാണുന്നത്. ടീമിന് വേണ്ടിയല്ല, തന്‍റെ നേട്ടങ്ങള്‍ക്ക് മാത്രം വേണ്ടിയാണ് കോലി കളിച്ചത്. ഇക്കാര്യത്തില്‍ കോലി മാതൃകയാക്കേണ്ടത് രോഹിത് ശര്‍മയെ ആണ്.
ടീമിന് വേണ്ടി തന്‍റെ വിക്കറ്റ് ബലി കൊടുക്കാന്‍ രോഹിത് എപ്പോഴും തയ്യാറാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത് രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു' എന്നായിരുന്നു മുഹമ്മദ് ഹഫീസിന്‍റെ പ്രതികരണം.