അഹമ്മദാബാദ്:ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്‍റെ 16ാം സീസണിന് ഇന്ന് കൊടിയേറും. കിരീടം തേടി 10 ടീമുകള്‍ പോരിനിറങ്ങുമ്പോള്‍ കളിക്കളത്തിലും ആരാധകർക്കിടയിലും ആവേശം പതിന്മടങ്ങ് വർധിക്കുമെന്നുറപ്പ്. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസുമാണ് നേര്‍ക്കുനേരെത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചായിരുന്നു ഗുജറാത്ത് തങ്ങളുടെ അരങ്ങേറ്റ സീസണിൽ തന്നെ കിരീടം ഉയർത്തിയത്. കടലാസില്‍ വമ്പന്മാരായ പലരും മുന്നേറാനാവാതെ കിതച്ചപ്പോഴായിരുന്നു ഗുജറാത്തിന്‍റെ അവിശ്വനസീയ കുതിപ്പ്. കഴിഞ്ഞതൊക്കെയും മറന്ന് ഓരോ ടീമും മുഖം മിനുക്കിയും പുതിയ തന്ത്രങ്ങളുമായാണ് ഇത്തവണ കളിക്കാനെത്തുന്നത്.
ഇതോടെ ആര്‍ക്കൊപ്പമാവും അവസാന വിജയമെന്ന ചോദ്യം ആരാധകര്‍ക്കുള്ളില്‍ ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. ടൂര്‍ണമെന്‍റിന് ഔദ്യോഗിക തുടക്കമാവും മുന്ന് തന്നെ ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ മൈക്കൽ വോൺ.
ഐപിഎൽ 2023 വിജയിയെ പ്രവചിച്ചാണ് മൈക്കൽ വോൺ രംഗത്തെത്തിയിരിക്കുന്നത്. മലയാളി താരം സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാവും ഇത്തവണ കിരീടം ഉയര്‍ത്തുകയെന്നാണ് മൈക്കൽ വോൺ പറയുന്നത്. ട്വിറ്ററിലൂടെയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ ഇക്കാര്യം പറഞ്ഞത്.
"ഐപിഎല്‍ ആരംഭിക്കുന്നതിനായി ഇനിയും കാത്തിരിക്കാന്‍ കഴിയില്ല. ഈ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന്‍റേതാവുമെന്നാണ് എനിക്ക് തോന്നുന്നത്. മേയ് അവസാനത്തില്‍ ടൂര്‍ണമെന്‍റ് അവസാനിക്കുമ്പോള്‍ കിരീടം ഉയര്‍ത്തുന്നത് അവരായിരിക്കാം". മൈക്കൽ വോൺ ട്വിറ്ററില്‍ കുറിച്ചു.