ലണ്ടന്‍: ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇപ്പോൾ നടക്കുന്നത് (India vs Australia). മൂന്ന് മത്സര പരമ്പരയില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) , വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ വിട്ടുനില്‍ക്കെയാണ് ആതിഥേയരുടെ ആധികാരിക വിജയം.
ഇതിന് പിന്നാലെ ലോകകപ്പിന് എത്തുന്ന മറ്റ് ടീമുകള്‍ക്ക് വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ (Michael Vaughan on Indian cricket team ODI World Cup 2023). ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ക്ക് ഇത്തവണത്തെ ലോകകപ്പ് സ്വന്തമാക്കാമെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ ഇതു സംബന്ധിച്ച കുറിപ്പിട്ടത്.
"ഇപ്പോള്‍ ഇക്കാര്യം എനിക്ക് വളരെ വ്യക്തമാണ്. ഇന്ത്യയെ തോൽപ്പിക്കുന്നവര്‍ ഏകദിന ലോകകപ്പ് വിജയിക്കും. ഇന്ത്യന്‍ പിച്ചുകളില്‍ അവരുടെ ബാറ്റിങ് നിരക്ക് മുന്നില്‍ എതിരാളികള്‍ പരിഹാസ്യരാകും. കൂടാതെ അവരുടെ ബോളിങ്ങിലും വൈവിധ്യമുണ്ട്. പ്രതീക്ഷകളുടെ സമ്മര്‍ദം മാത്രമായിരിക്കും ലോകകപ്പ് നേടുന്നതില്‍ നിന്ന് അവരെ തടയുന്ന ഒരേയൊരു കാര്യം" മൈക്കല്‍ വോണ്‍ എക്‌സ് കുറിപ്പില്‍ വ്യക്തമാക്കി.
ALSO READ: ODI World Cup 2023 India Batters: 'ബാറ്റർമാർ സെറ്റാണ്', റൺമഴയൊരുക്കി നേടണം ലോക കിരീടം
മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റുകള്‍ക്ക് വിജയിച്ച ഇന്ത്യ, ഇന്നലെ ഇന്‍ഡോറില്‍ അരങ്ങേറിയ രണ്ടാം മത്സരത്തില്‍ 99 റണ്‍സുകള്‍ക്കായിരുന്നു മത്സരം പിടിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 399 റണ്‍സാണ് നേടിയത്. ശുഭ്‌മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105), സൂര്യകുമാര്‍ യാദവ് (72), കെ എല്‍ രാഹുല്‍ (52) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത്.
വമ്പന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ ഓസീസിന്‍റെ ഇന്നിങ്‌സ് പുരോഗിമിക്കുന്നതിനിടെ മഴയെത്തി. ഇതോടെ മഴനിയമപ്രകാരം വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ 28.2 ഓവറില്‍ 217 റണ്‍സിന് ഓസീസ് ഓള്‍ ഔട്ട് ആവുകയായിരുന്നു. സീന്‍ അബോട്ട് (54), ഡേവിഡ് വാര്‍ണര്‍ (53) എന്നിവര്‍ ടീമിനായി അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ മറ്റ് താരങ്ങള്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യയ്‌ക്കായി ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
ALSO READ: ODI World Cup 2023 England Team : 'ഇരട്ട സമനില'യ്‌ക്കൊടുക്കം കൈവന്ന കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലീഷ് പട ; കന്നിയങ്കം കഴിഞ്ഞ ഫൈനലിലെ എതിരാളികളോട്