കേരളം

kerala

ETV Bharat / sports

ഇന്ത്യക്ക് 138 മത്സരങ്ങൾ, പാകിസ്ഥാനുമായി പരമ്പരയില്ല: അഞ്ച് വർഷത്തേക്കുള്ള മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി

38 ടെസ്റ്റുകളും 39 ഏകദിനങ്ങളും 61 ടി20കളും ഉൾപ്പെടെ 138 അന്താരാഷ്‌ട്ര മത്സരങ്ങളാണ് 2023 മെയ് മുതൽ 2027 ഏപ്രിൽ വരെയുള്ള അഞ്ച് വർഷക്കാലയളവിൽ ഇന്ത്യ കളിക്കുക.

icc Mens Future Tour Program announced  അഞ്ച് വർഷക്കാലത്തേക്കുള്ള എഫ്‌ടിപി പ്രഖ്യാപിച്ച് ഐസിസി  എഫ്‌ടിപി പ്രഖ്യാപിച്ച് ഐസിസി  ഫ്യൂച്ചർ ടൂർസ് പ്രോഗ്രാം പ്രഖ്യാപിച്ച് ഐസിസി  ഇന്ത്യൻ ക്രിക്കറ്റ് ടീം  Indian cricket team  ബിസിസിഐ  ഇന്ത്യയുടെ ഭാവി മത്സരങ്ങൾ  ഇന്ത്യ പാകിസ്ഥാൻ പരമ്പര
അഞ്ച് വർഷക്കാലത്തേക്കുള്ള എഫ്‌ടിപി പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യക്ക് 138 മത്സരങ്ങൾ, പാകിസ്ഥാനുമായി പരമ്പരയില്ല

By

Published : Aug 17, 2022, 7:39 PM IST

Updated : Aug 17, 2022, 9:25 PM IST

ന്യൂഡൽഹി: 2023 മെയ് മുതൽ 2027 ഏപ്രിൽ വരെ അഞ്ച് വർഷത്തേക്കുള്ള ഫ്യൂച്ചർ ടൂർസ് & പ്രോഗ്രാം (എഫ്‌ടിപി) പ്രഖ്യാപിച്ച് ഐസിസി. ഇക്കാലയളവിൽ ഐസിസിയിൽ അംഗത്വമുള്ള 12 രാജ്യങ്ങൾ 173 ടെസ്റ്റുകൾ, 281 ഏകദിനങ്ങൾ, 323 ടി20കൾ എന്നിവ ഉൾപ്പെടെ 777 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കും. 38 ടെസ്റ്റുകളും 39 ഏകദിനങ്ങളും 61 ടി20കളും ഉൾപ്പെടെ 138 മത്സരങ്ങളാണ് ഇക്കാലയളവിൽ ഇന്ത്യൻ പുരുഷ ടീം കളിക്കുക.

മൂന്ന് പരമ്പരകളുള്ള ഏകദിന മത്സരങ്ങളാണ് ഇന്ത്യ കൂടുതലായും കളിക്കുക. അതേസമയം പതിവുപോലെ രാഷ്‌ട്രീയ കാരണങ്ങളാൽ പാകിസ്ഥാനുമായി പരമ്പരകൾ ഒന്നും തന്നെ ഇന്ത്യ കളിക്കുന്നില്ല. ഐസിസി പുരുഷ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഐസിസി ഇവന്‍റുകൾ, ത്രിരാഷ്ട്ര പരമ്പരകൾ എന്നിവയും ഇന്ത്യ കളിക്കുന്നുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകൾക്കെതിരെ അഞ്ച് ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ കളിക്കുക.

നാലിൽ നിന്ന് അഞ്ചിലേക്ക്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പരാഗതമായ ബോർഡർ ഗവാസ്‌കർ ട്രോഫി ടൂർണമെന്‍റാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട മറ്റൊരു മത്സരം. അതേസമയം കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നാല് മത്സരങ്ങളുണ്ടായിരുന്ന ബോർഡർ ഗവാസ്‌കർ ട്രോഫി ടൂർണമെന്‍റിൽ ഇനി മുതൽ അഞ്ച് മത്സരങ്ങളാകും ഉണ്ടാവുക.

കൂടാതെ 2023 ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ 2 ടെസ്റ്റുകൾ, 3 ഏകദിനങ്ങൾ, 3 ടി20കൾ എന്നിവ ഉൾപ്പെടുന്ന പരമ്പരക്കായി ഇന്ത്യ വെസ്റ്റ് ഇൻഡീസിലേക്ക് തിരിക്കും. ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2024 ജനുവരി - മാർച്ച് മാസങ്ങൾക്കിടയിൽ നടക്കും. കൂടാതെ 2024 ഡിസംബർ അവസാന വാരം അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറക്കും. 2024 സെപ്‌റ്റംബറിൽ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ട്.

ലോകകപ്പിന് മുൻപ് 27 മത്സരം: 2023ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീം 27 ഏകദിന മത്സരങ്ങളാണ് കളിക്കുക. സിംബാബ്‌വെക്കെതിരെ ആരംഭിക്കുന്ന ഏകദിന മത്സരങ്ങൾ ഉൾപ്പെടെയാണിത്. ഇതിൽ കഴിഞ്ഞ സൈക്കിളിൽ ഉൾപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഉൾപ്പെടുന്നു.

ഐസിസിയുടെ പുതിയ ഷെഡ്യൂൾ അനുസരിച്ച് അഞ്ച് വർഷ കാലയളവിൽ ഓസ്‌ട്രേലിയ 40 ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ട് 43 ടെസ്റ്റ് മത്സരങ്ങളും ന്യൂസിലൻഡ് 32 ടെസ്റ്റ് മത്സരങ്ങളും കളിക്കുന്നുണ്ട്. ഇക്കാലയളവിൽ ദക്ഷിണാഫ്രിക്ക 29, പാകിസ്ഥാൻ 27, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവർ യഥാക്രമം 25 ടെസ്റ്റ് മത്സരങ്ങളും കളിക്കും.

അതേസമയം സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര നാളെ (18.08.2022) ആരംഭിക്കും. ഹരാരെയിലാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.45 നാണ് മത്സരങ്ങൾ ആരംഭിക്കുക. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ കെഎൽ രാഹുലിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം കളത്തിലിറങ്ങുന്നത്.

Last Updated : Aug 17, 2022, 9:25 PM IST

ABOUT THE AUTHOR

...view details