ലോര്‍ഡ്‌സ്: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ഈ വര്‍ഷത്തെ ആഷസില്‍ ക്യാച്ചുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അറുതിയാവുന്നില്ല. ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനത്തില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എടുത്ത ക്യാച്ചിനെ ചൊല്ലിയാണ് ഏറ്റവും പുതിയ വിവാദം. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ പന്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ബെന്‍ ഡക്കറ്റിനെയായിരുന്നു ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ബൗണ്ടറി ലൈനിന് അടുത്ത് വച്ച് സ്റ്റാര്‍ക്ക് പിടിച്ചത്. ഇതോടെ ഓസീസ് താരങ്ങള്‍ ആഘോഷിക്കാനും ഡക്കറ്റ് പവലിയനിലേക്ക് നടക്കാനും തുടങ്ങി.
എന്നാല്‍ ഓസീസ് ക്യാമ്പിന്‍റെ ആഘോഷത്തിന് അധിക ആയുസ് ഉണ്ടായിരുന്നില്ല. തിരിച്ച് നടന്ന ബെന്‍ ഡക്കറ്റിനെ തേര്‍ഡ് അമ്പയര്‍ ഇടപെട്ട് തിരിച്ച് വിളിച്ചതാണ് ഇതിന് കാരണം. സ്റ്റാര്‍ക്കിന് ശരിയായ രീതിയില്‍ ക്യാച്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് തേര്‍ഡ് അമ്പയര്‍ മറൈസ് ഇറാസ്‌മസ് കണ്ടെത്തിയത്.
വായുവില്‍ വച്ച് ഓസീസ് താരം പന്ത് പിടികൂടിയെങ്കിലും നിലത്തുകൂടി തെന്നി നീങ്ങുന്ന നേരത്ത്, താരത്തിന്‍റെ കയ്യിലുണ്ടായിരുന്ന പന്ത് നിലത്ത് ഉരഞ്ഞുവെന്ന് കണ്ടതോടെയാണ് തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചത്. തേര്‍ഡ് അമ്പയറുടെ ഈ തീരുമാനത്തില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും സഹതാരങ്ങളും പ്രതിഷേധിച്ചിരുന്നു.
വിമര്‍ശനുമായി മുന്‍ താരങ്ങള്‍:നോട്ടൗട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് ഓസീസിന്‍റെയടക്കം ചില മുന്‍ താരങ്ങളും രംഗത്ത് എത്തുകയുണ്ടായി. അമ്പയറുടെ തീരുമാനത്തോട് വിയോജിക്കുന്നതായാണ് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞത്.
താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ മണ്ടത്തരമാണിത്. പന്ത് സ്റ്റാര്‍ക്കിന്‍റെ നിയന്ത്രണത്തിലാണ് ഉണ്ടായിരുന്നത് എന്നുമായിരുന്നു മഗ്രാത്ത് പറഞ്ഞത്. അമ്പയറുടെ തീരുമാനം ഞെട്ടിപ്പിച്ചുവെന്ന് പ്രതികരിച്ച ഓസീസിന്‍റെ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് സ്റ്റാര്‍ക്കിന് പന്തിനുമേല്‍ പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നു എന്ന് തന്നെയാണ് വാദിച്ചത്. ഇതെങ്ങനെയാണ് നോട്ടൗട്ടാകുന്നത് എന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ട്വീറ്റ് ചെയ്‌തിട്ടുമുണ്ട്.
ALSO READ:ക്രിക്കറ്റ് രാജാക്കന്‍മാരുടെ പതനം... ലോകകപ്പ് യോഗ്യത നേടാനാകാതെ വെസ്റ്റ് ഇന്‍ഡീസ്; ഇത് വിന്‍ഡീസ് ക്രിക്കറ്റിന്‍റെ 'കറുത്ത ദിനങ്ങള്‍'
നോട്ടൗട്ട് തന്നെയെന്ന് എംസിസി: എന്നാല്‍ ക്രിക്കറ്റിന്‍റെ നിയമം അനുസരിച്ച് അമ്പയറുടെ തീരുമാനം ശരിയാണെന്ന് ചൂണ്ടിക്കാണിച്ച് അതിന്‍റെ പരിപാലകരായ മാരിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഒരു ക്യാച്ച് നിയമപരമായിരിക്കുന്നതിന് പന്തിന് മേല്‍ ഫീഡല്‍ഡര്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടായിരിക്കുകയും, ക്യാച്ച് എടുക്കുന്നത് തൊട്ടുള്ള ഫീല്‍ഡറുടെ ചലനങ്ങള്‍ പൂര്‍ത്തിയാവുകയും വേണമെന്നാണ് മാരിൽബോൺ ക്രിക്കറ്റ് ക്ലബ് ട്വീറ്റില്‍ വ്യക്തമാക്കുന്നത്.
ഫീല്‍ഡറുടെ മേല്‍ പന്ത് ആദ്യം സ്‌പര്‍ശിക്കുന്ന സമയം മുതല്‍ക്കാണ് ക്യാച്ച് ആരംഭിക്കുന്നതെന്നും അവര്‍ ട്വീറ്റില്‍ പറയുന്നുണ്ട്. ഇതനുസരിച്ച് തെന്നി നീങ്ങുന്ന സമയത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ച് പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് തന്നെയാണ് അവര്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.
ALSO READ:Ashes 2023 | ജയം പിടിക്കാന്‍ ഇംഗ്ലണ്ട്, തുടരാന്‍ ഓസ്‌ട്രേലിയ; ലോര്‍ഡ്‌സില്‍ ഇന്ന് അവസാന ദിനം