കേരളം

kerala

ETV Bharat / sports

വിട്ടുകൊടുക്കാന്‍ തയ്യാറല്ല ; ഇന്ത്യന്‍ ടീമിലെത്താന്‍ ശ്രമം തുടരുമെന്ന് മായങ്ക് അഗര്‍വാള്‍ - indian cricket team

കഴിഞ്ഞ നാല് മാസമായി ബാറ്റിങ്‌ മെച്ചപ്പെടുത്താന്‍ താന്‍ കഠിനാധ്വാനം ചെയ്യുകയാണെന്ന് മായങ്ക് അഗര്‍വാള്‍

Mayank Agarwal On India Future  Mayank Agarwal  punjab kings  IPL  മായങ്ക് അഗര്‍വാള്‍  പഞ്ചാബ് കിങ്‌സ്  indian cricket team  ഐപിഎല്‍
വിട്ടുകൊടുക്കാന്‍ തയ്യാറല്ല; ഇന്ത്യന്‍ ടീമിലെത്താന്‍ ശ്രമം തുടരുമെന്ന് മായങ്ക് അഗര്‍വാള്‍

By

Published : Aug 24, 2022, 4:34 PM IST

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടത്തില്‍ (2018-19) ബാറ്റര്‍ മായങ്ക് അഗര്‍വാളിന് വലിയ പങ്കാണുള്ളത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ടീമില്‍ കാര്യമായ സ്ഥാനം ലഭിക്കാതെ പലപ്പോഴും തഴയപ്പെടുകയാണ് 31കാരനായ താരം. ഇതേവരെ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം ലഭിക്കാത്ത മായങ്ക്, ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്‍റെ നായകനായിരുന്നു.

പഞ്ചാബിനൊപ്പം കാര്യമായ നേട്ടമുണ്ടാക്കാനും താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ മികച്ച പ്രകടനത്തോടെ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമം തുടരുമെന്നാണ് മായങ്ക് പറയുന്നത്. വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത ആളാണ് താനെന്നും മായങ്ക് പറഞ്ഞു.

"ഞാൻ അതിനെ പിന്തുടരുന്നത് തുടരുകയും ഓരോ ദിവസം കഴിയുന്തോറും എന്‍റെ ഗെയിം മെച്ചപ്പെടുത്തുകയും ചെയ്യും. എന്‍റെ വഴിയിൽ എന്ത് കാര്യങ്ങള്‍ വന്നാലും, ഞാൻ വളരെ സന്തുഷ്ടനാകും, പക്ഷേ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരിക്കലും മരിക്കില്ല" മായങ്ക് അഗര്‍വാള്‍ പറഞ്ഞു. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് മായങ്ക് തന്‍റെ ഭാവിയെക്കുറിച്ച് സംസാരിച്ചത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 12 ഇന്നിങ്‌സുകളില്‍ വെറും 196 റണ്‍സ് മാത്രമാണ് മായങ്കിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ തന്‍റെ വൈറ്റ് ബോള്‍ ക്രിക്കറ്റ് മെച്ചപ്പെടുത്തിയ താരം കര്‍ണാടകയിലെ പ്രാദേശിക ടി20 ലീഗില്‍ 11 ഇന്നിങ്‌സുകളില്‍ 480 റണ്‍സാണ് അടിച്ച് കൂട്ടിയത്. രണ്ട് സെഞ്ച്വറികള്‍ സഹിതം 53.33 ശരാശരിയില്‍ 167.24 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്‍റെ പ്രകടനം.

കഴിഞ്ഞ നാല് മാസമായി ബാറ്റിങ്‌ മെച്ചപ്പെടുത്താന്‍ താന്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും അതിന്‍റെ ഫലം ലഭിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. "നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ഞാൻ പന്ത് സ്വീപ്പുചെയ്യാനും റിവേഴ്‌സ് സ്വീപ്പ് ചെയ്യാനും തുടങ്ങി, അതും ഫാസ്റ്റ് ബോളർമാർക്കെതിരെ" - മായങ്ക് പറഞ്ഞു.

അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് പഞ്ചാബ് : നായക സ്ഥാനത്തുനിന്നും മായങ്കിനെ നീക്കുന്നുവെന്ന വാര്‍ത്തകളില്‍ പഞ്ചാബ് കിങ്‌സ് ഇന്ന് പ്രതികരിച്ചിരുന്നു. ടീമിലെ ഉത്തരവാദിത്തപ്പെട്ടവർ ആരും ഇതേക്കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നാണ് ഫ്രാഞ്ചൈസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്.

ചില സ്‌പോര്‍ട്‌സ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇക്കാര്യം വിശദീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും ഫ്രാഞ്ചൈസി പ്രസ്‌താവനയില്‍ പറയുന്നു. ഐപിഎല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി പഞ്ചാബ് കിങ്‌സ് വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിന്‍റെ ഭാഗമായി മായങ്ക് അഗര്‍വാളിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്‌ടമാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിക്കുന്നതില്‍ പരാജയപ്പെട്ട താരം ബാറ്റിങ്ങിലും മോശം പ്രകടനം നടത്തിയതാണ് മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിന് പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

also read: 'ഉടന്‍ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു'; കന്നി സെഞ്ച്വറിയിലെ 'യുവി' എഫക്‌ടിനെ കുറിച്ച് ശുഭ്‌മാന്‍ ഗില്‍

മായങ്കിന് പകരം ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയ്‌ക്ക് ചുമതല നല്‍കിയേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. അതേസമയം കെഎല്‍ രാഹുലിന് പകരം കഴിഞ്ഞ സീസണിലാണ് മായങ്ക് പഞ്ചാബിന്‍റെ നായകനായത്.

രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബിന് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ കിങ്‌സിലേക്ക് താരം ചേക്കേറുകയായിരുന്നു. 17 കോടിയെന്ന റെക്കോഡ് തുകയ്‌ക്കാണ് രാഹുലിനെ സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details