ന്യൂഡൽഹി :ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പഞ്ചാബ് കിംഗ്‌സിനെ ഇന്ത്യന്‍ ബാറ്റര്‍ മായങ്ക് അഗര്‍വാള്‍ നയിക്കും. മെഗാ താരലേലത്തിന് മുന്നോടിയായി യുവ പേസർ അർഷ്‌ദീപ് സിങ്ങിനൊപ്പം പഞ്ചാബ് കിംഗ്‌സ് നിലനിർത്തിയ രണ്ട് കളിക്കാരിൽ ഒരാളാണ് 31 കാരനായ മായങ്ക്. ഫ്രാഞ്ചൈസി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ടീമിന്‍റെ നായകനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. വളരെ ആത്മാര്‍ഥതയോടെ ഞാൻ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അതേസമയം, മികച്ച താരങ്ങൾ സ്ക്വാഡിലുള്ളത് കൊണ്ട് എന്‍റെ ജോലി എളുപ്പമാകുമെന്നും വിശ്വസിക്കുന്നു, മായങ്ക് പ്രതികരിച്ചു.
2018 മുതൽ പഞ്ചാബ് കിംഗ്‌സിന്‍റെ അവിഭാജ്യ ഘടകമാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന അഗർവാൾ. കഴിഞ്ഞ സീസണിൽ ടീമിനെ കുറഞ്ഞ കാലം നയിച്ച പരിചയവുമുണ്ട്. 2011ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച അഗർവാൾ കഴിഞ്ഞ രണ്ട് സീസണുകളിലായി 400ലധികം റൺസ് നേടിയിരുന്നു.
ALSO READ:മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി ; വിനോദ് കാംബ്ലി അറസ്റ്റിൽ
ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത പഞ്ചാബ് കിംഗ്‌സിനെ ഇതിഹാസ സ്‌പിന്നറും മുന്‍ ഇന്ത്യൻ കോച്ചുമായ അനില്‍ കുംബ്ലെയാണ് പരിശീലിപ്പിക്കുന്നത്. മെഗാ താരലേലത്തില്‍ മികച്ച താരങ്ങളെ എത്തിക്കാനായതിന്‍റെ പ്രതീക്ഷയിലാണ് പഞ്ചാബ് കിംഗ്‌സ്. 2014ലാണ് പഞ്ചാബ് ടീം അവസാനമായി ഫൈനല്‍ കളിച്ചത്. കഴിഞ്ഞ മൂന്ന് എഡിഷനുകളിൽ ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്‌തത്.