സിഡ്‌നി :ഏഷ്യ കപ്പ് (Asia cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാവും വിജയിക്കുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ മത്സരത്തിലെ വിജയിയെ പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരം മാത്യു ഹെയ്‌ഡന്‍ (Matthew Hayden on India vs Pakistan match).
ഇന്ത്യ ജയിക്കും :പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്നാണ് സമീപകാലത്ത് പാകിസ്ഥാന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന മാത്യു ഹെയ്‌ഡന്‍ പറയുന്നത്. ബാറ്റിങ് നിരയുടെ കരുത്താണ് ഇന്ത്യയ്‌ക്ക് മുന്‍തൂക്കം നല്‍കുന്നതെന്നും ഹെയ്‌ഡന്‍ വിശദീകരിക്കുന്നു.
"ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ പോകുന്നത് ടീം ഇന്ത്യയായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. കരുത്തുറ്റ ബാറ്റിങ് നിരയാണ് അവര്‍ക്കുള്ളത്. ബാറ്റര്‍മാര്‍ മികച്ച ഫോമിലുമാണ്" - മാത്യു ഹെയ്‌ഡന്‍ പറഞ്ഞു.
പാക് പേസ് നിരയ്‌ക്കെതിരെ ജാഗ്രത വേണം :ഷഹീൻ അഫ്രീദി( Shaheen Afridi), ഹാരിസ് റൗഫ് (Haris Rauf), നസീം ഷാ (Naseem Shah) എന്നിവരടങ്ങുന്ന പാകിസ്ഥാന്‍റെ പേസ് നിരയെ കരുതിയിരിക്കണമെന്നും ഓസീസിന്‍റെ മുന്‍ താരം മുന്നറിയിപ്പ് നല്‍കി.
"ഇന്ത്യ ശരിക്കും പാകിസ്ഥാന്‍റെ പേസ് ത്രയത്തിനെതിരെയാണ് കളിക്കുന്നത്. ഈ ഗ്രഹത്തിലെ തന്നെ വമ്പന്‍ മത്സരങ്ങളില്‍ ഒന്നാണിതെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം എന്നിവരടങ്ങുന്ന പാകിസ്ഥാന്‍റെ പേസ് നിര ഏറെ മികവുറ്റതാണ്.
വ്യത്യസ്ത തരത്തില്‍ പന്തെറിയുന്ന അതുല്യ പ്രതിഭകളാണവര്‍. ഇന്ത്യ അവര്‍ക്കെതിരെ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. ധാരാളം ബൗണ്‍സ് ലഭിക്കുന്നതാണ് കാൻഡിയിലെ സാഹചര്യങ്ങൾ. അതിനാൽ ഇന്ത്യന്‍ ടീം അക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഹാരിസ് റൗഫ്. അവന്‍ എപ്പോഴും ഓഫ് സ്റ്റമ്പിന്‍റെ മുകള്‍ ഭാഗമാണ് ലക്ഷ്യം വയ്‌ക്കുന്നത്" - ഹെയ്‌ഡൻ പറഞ്ഞു.
ഷഹീനെതിരെ വേണ്ടത് യാഥാസ്ഥിതിക സമീപനം :ആദ്യ ഓവറുകളിൽ പന്ത് സ്വിങ് ചെയ്യുമ്പോള്‍ ഷഹീന്‍ അഫ്രീദിക്കെതിരെ ഇന്ത്യ യാഥാസ്ഥിതിക സമീപനം സ്വീകരിക്കണമെന്നും ഹെയ്‌ഡന്‍ നിർദേശിച്ചു. "ആദ്യ ഓവറുകളില്‍ ഷഹീൻ അഫ്രീദിക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഏറെ ശ്രദ്ധയോടെ കളിക്കേണ്ടതുണ്ട്. അവസാനമായി ഏറ്റുമുട്ടിയ കഴിഞ്ഞ ടി20 ലോകകപ്പില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്‌ത്താന്‍ അവന് കഴിഞ്ഞിരുന്നു.
ALSO READ: Abdul Razzaq On India vs Pakistan Match 'പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയാല്‍..'; ബാബറിന് നിര്‍ദേശവുമായി അബ്‌ദുള്‍ റസാഖ്
രോഹിത് ശർമ്മയെ പുറത്താക്കിയ പന്ത് നമ്മള്‍ ഒരിക്കലും മറക്കില്ല. അതിനാൽ ഷഹീൻ അഫ്രീദിക്കെതിരെ അൽപ്പം ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കും. പന്ത് സ്വിങ് ചെയ്യുന്നുണ്ടെങ്കില്‍ ആദ്യ മൂന്ന് ഓവറുകളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുക". പാകിസ്ഥാന്‍റെ ബാറ്റിങ് പരിശീലകനായിരുന്ന ഹെയ്‌ഡന്‍ പറഞ്ഞു. അതേസമയം യുവ താരമായ നസീം ഷായെ സമ്മർദത്തിലാക്കാൻ ആക്രമണാത്മക തന്ത്രമാണ് ഇന്ത്യ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.