സിഡ്‌നി:ഏഷ്യ കപ്പിനുള്ള (Asia Cup 2023) പ്രധാന സ്‌ക്വാഡില്‍ നിന്നും പുറത്തായതോടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ (Sanju Samson) ബിസിസിഐയുടെ ലോകകപ്പ് പദ്ധതികളില്‍ ഇല്ലെന്നാണ് പൊതുവെ സംസാരം. ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട കെഎല്‍ രാഹുലിന് പരിക്കുള്ള സാഹചര്യത്തില്‍ ബാക്കപ്പ് താരമായാണ് സഞ്‌ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താരത്തെ ഏകദിന ലോകകപ്പിനുള്ള തന്‍റെ ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരം മാത്യു ഹെയ്‌ഡൻ.
നിലവിലെ 17 അംഗ ഏഷ്യ കപ്പ് സ്ക്വാഡില്‍ ചെറിയ അഴിച്ചുപണികള്‍ നടത്തിയ മാത്യു ഹെയ്‌ഡൻ 15 അംഗ ടീമാണ് ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്‌ജു സാംസണ്‍ പ്രധാന സ്‌ക്വാഡിലേക്ക് എത്തിയപ്പോള്‍ ഇടങ്കയ്യന്‍ ബാറ്റര്‍ തിലക് വര്‍മ (Tilak Varma), സ്‌പിന്നര്‍ കുല്‍ദീപ് യാദവ്, പേസര്‍ പ്രസിദ്ധ് കൃഷ്‌ണ എന്നിവരാണ് ഹെയ്‌ഡന്‍റെ ടീമില്‍ നിന്നും പുറത്തായത്.
ഇന്ത്യൻ സാഹചര്യത്തിൽ സഞ്ജു സാംസണെ ടീമിൽ കാണാൻ താന്‍ ആഗ്രഹിക്കുന്നതായി ഹെയ്‌ഡന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ബാറ്റർമാരേക്കാൾ കൂടുതൽ ഓൾറൗണ്ടർമാരെ ആവശ്യമുണ്ട്. അതിനാൽ തിലക് വർമയേക്കാള്‍ മികച്ച ചോയ്‌സ് അക്‌സര്‍ പട്ടേല്‍ ആയിരിക്കുമെന്നും ഓസീസിന്‍റെ മുന്‍ ഓപ്പണര്‍ അഭിപ്രായപ്പെട്ടു.
മാത്യു ഹെയ്‌ഡന്‍ തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് ടീം (Matthew Hayden ODI world Cup Indian squad): രോഹിത് ശർമ (ക്യാപ്റ്റന്‍), വിരാട് കോലി, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസൺ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍.