സിഡ്‌നി : ടി20 ലോകകപ്പില്‍ പുറത്താകലിന്‍റെ വക്കില്‍ നിന്നാണ് ഭാഗ്യത്തിന്‍റെ കൂടി പിന്തുണയോടെ പാകിസ്ഥാന്‍ സെമിഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യയോട് ആദ്യ മത്സരം തോറ്റ് തുടങ്ങിയ ടീം രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. തുടര്‍ന്നുള്ള മത്സരങ്ങള്‍ ജയിച്ചെങ്കിലും നെതര്‍ലാന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചത് ബാബര്‍ അസമിനും സംഘത്തിനും സെമിയിലേക്കുള്ള വാതില്‍ തുറന്നു.
സെമിയിലേക്ക് ടീം പ്രവേശിച്ചതിന് പിന്നാലെ താരങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ടീം ഉപദേശകന്‍ മാത്യു ഹെയ്‌ഡന്‍. ടീമിന്‍റെ മുന്നേറ്റത്തെ അത്ഭുതം എന്ന് വിശേഷിപ്പിച്ച ഹെയ്‌ഡന്‍ ഇപ്പോള്‍ തങ്ങളുടെ ടീമിനെ എതിരാളികള്‍ ഭയക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. സൂപ്പര്‍12 ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ ഹെയ്‌ഡന്‍ താരങ്ങളുമായി സംസാരിക്കുന്ന വീഡിയോ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഔദ്യോഗിക പേജുകളിലൂടെ പുറത്തുവിട്ടത്.