ലണ്ടന്‍ : ന്യൂസിലാന്‍ഡിനെതിരെ ലോര്‍ഡ്‌സില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്‌റ്റില്‍ പരിക്കേറ്റ ഇംഗ്ലീഷ് സ്‌പിന്നര്‍ ജാക്ക് ലീച്ചിനെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ബൗണ്ടറി ശ്രമം തടയുന്നതിനിടെയാണ് ലീച്ചിന് തലയ്‌ക്ക് പരിക്കേറ്റത്. പരിക്കേറ്റ ലീച്ചിന് പകരം കണ്‍കഷന്‍ പകരക്കാരനായി മാറ്റ് പാര്‍ക്കിന്‍സണെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂസിലാന്‍ഡിന്‍റെ ആദ്യ ഇന്നിങ്സിലെ ആറാം ഓവറില്‍ ഡേവോണ്‍ കോണ്‍വെ ബൗണ്ടറിയിലേക്ക് അടിച്ച പന്ത് തടയാന്‍ ശ്രമിക്കവെയാണ് ലീച്ചിന് പരിക്ക് പറ്റിയത്. പന്ത് ബൗണ്ടറി ലൈന്‍ കടക്കാതിരിക്കാന്‍ ഡൈവ് ചെയ്‌ത ലീച്ചിന്‍റെ തലയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ മൈതാനത്ത് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് താരം ഗ്രൗണ്ട് വിട്ടത്.
ആദ്യ മത്സരത്തിന് പാര്‍ക്കിന്‍സണ്‍ : ജാക്ക് ലീച്ച് അല്ലാതെ മറ്റൊരു സ്‌പിന്‍ ബൗളറെ പരമ്പരയ്‌ക്ക് പ്രഖ്യാപിച്ച ടീമില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആഭ്യന്തര കരിയറില്‍ മികച്ച റെക്കോഡുള്ള താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആദ്യമായാണ് പാര്‍ക്കിന്‍സണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്.