ദുബായ് : ഏഷ്യ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പാകിസ്ഥാന് തിരിച്ചടി. 'ഹൈബ്രിഡ് മോഡലിൽ' ടൂർണമെന്‍റ് സംഘടിപ്പിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ (പിസിബി) മുന്നോട്ടുവെച്ച നിർദേശം അംഗരാജ്യങ്ങൾ നിരസിച്ചു. ഇതിനുപിന്നാലെ ഏഷ്യ കപ്പ് രാജ്യത്തിന് പുറത്തുവച്ച് സംഘടിപ്പിക്കാനാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) തീരുമാനിച്ചിരിക്കുന്നത്.
സെപ്‌റ്റംബർ രണ്ട് മുതൽ 17 വരെയാണ് ഏഷ്യ കപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാലയളവിൽ യുഎഇയിലെ ഈർപ്പം കൂടുതലുള്ള സാഹചര്യങ്ങൾ താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാലാണ് അംഗരാജ്യങ്ങൾ എതിർപ്പ് പ്രകടമാക്കിയത്. ഇതോടെ മത്സരങ്ങൾ ശ്രീലങ്കയിൽ വച്ച് നടത്താനാണ് സാധ്യത.
ഏഷ്യ കപ്പിന് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുകയാണെങ്കിൽ ടൂർണമെന്‍റിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നിയും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും വ്യക്‌തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പിരിമുറുക്കം കാരണം ഇന്ത്യൻ ടീമിനെ അയൽ രാജ്യത്തേക്ക് അയക്കാൻ ബിസിസിഐ വിസമ്മതിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ വച്ച് നടത്താം എന്ന ബദൽ നിർദേശവുമായി പാകിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തിയത്.
2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കായിക ബന്ധം തകർന്നത്. 2008ൽ നടന്ന ഏഷ്യ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. അതിന് ശേഷം ഐസിസി ടൂര്‍ണമെന്‍റുകളിലും, ഏഷ്യ കപ്പിലും മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.
പിന്തുണ അഭ്യർഥിച്ച് പിസിബി ചെയർമാൻ നജാം സേത്തി ദുബായിലെത്തിയിരുന്നു. 'കറാച്ചിയിലോ ലാഹോറിലോ പാകിസ്ഥാൻ കളിക്കണമെന്നും ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താമെന്നുള്ള അദ്ദേഹത്തിന്‍റെ നിർദ്ദേശം എസിസി അംഗങ്ങൾ സ്വീകരിച്ചില്ല. ശ്രീലങ്ക എപ്പോഴും ബിസിസിഐക്കൊപ്പമായിരുന്നു. ഇപ്പോൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പോലും ഈ ആശയത്തെ എതിർക്കുന്നതായി തോന്നുന്നു' - എസിസി അധികൃതർ പിടിഐയോട് പറഞ്ഞു.
'ഹൈബ്രിഡ് മോഡൽ' അസ്വീകാര്യമാണെന്നും ബജറ്റ് ഉപരോധങ്ങൾ ഒരിക്കലും പാസാക്കാനാകില്ലെന്നും എസിസി വ്യക്‌തമാക്കി. ഇത് പാകിസ്ഥാൻ സ്വന്തം മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ചല്ല. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ വന്നാൽ മൂന്നാമത്തെ ടീം മത്സരങ്ങൾക്കായി ദുബായിലേക്കും പാകിസ്ഥാനിലെ വേദിയിലേക്കും യാത്ര ചെയ്യേണ്ടി വരും.
ALSO READ :ബി സി സി ഐയുടെ ശക്‌തിക്ക് മുന്നിൽ ഐ സി സിക്ക് ഒന്നും ചെയ്യാനാകില്ല; ഏഷ്യ കപ്പ് വിവാദത്തിൽ അഫ്രീദി
സുരക്ഷ ക്രമീകരണങ്ങളുടെ വർധിച്ച ചെലവുകൾ കാരണം പാകിസ്ഥാൻ സൂപ്പർ ലീഗിന്‍റെ മത്സരങ്ങൾ യുഎഇയിൽ നടത്തിയിരുന്നു. ഇതാണ് ഏഷ്യ കപ്പും ഇത്തരത്തിൽ സംഘടിപ്പിക്കാൻ പിസിബിയെ പ്രേരിപ്പിച്ചത്. കൂടാതെ, ബ്രോഡ്‌കാസ്റ്റർമാർക്കും രണ്ട് രാജ്യങ്ങളിലായി നടത്തുന്നതിന് യോജിപ്പില്ല. എന്നിരുന്നാലും, തീരുമാനം ഔദ്യോഗികമാക്കാൻ എസിസി ചെയർമാൻ ജയ് ഷാ എക്‌സിക്യൂട്ടീവ് ബോഡി യോഗം വിളിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാൻ ടൂർണമെന്‍റിൽ പങ്കെടുക്കുമോ അതോ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പ് കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമോ എന്ന് കണ്ടറിയണം.