വെല്ലിങ്‌ടണ്‍: ന്യൂസിലൻഡ് ക്രിക്കറ്റുമായുള്ള കരാര്‍ അവസാനിപ്പിച്ച് വെറ്ററന്‍ ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്‌റ്റില്‍. ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ കളിക്കുന്നതിന്‍റെ ഭാഗമായാണ് ബോര്‍ഡുമായുള്ള കരാറില്‍ നിന്നും ഗപ്‌റ്റില്‍ പിന്‍വാങ്ങിയത്. ന്യൂസിലൻഡിനായി കളിക്കാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ലഭ്യമാകുമെന്ന് 36കാരനായ ഗപ്‌റ്റില്‍ പറഞ്ഞു.
കരാറില്‍ നിന്നും പിന്‍വാങ്ങിയതോടെ തനിക്ക് ഇപ്പോൾ മറ്റ് അവസരങ്ങൾ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. യാഥാർഥ്യബോധത്തോടെയാണ് പുതിയ തീരുമാനം. രാജ്യത്തിനായി കളിക്കുന്നത് ഒരു വലിയ ബഹുമതിയാണ്. ബ്ലാക്ക് ക്യാപ്‌സിലെ എല്ലാവരോടും അവരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതായും ഗപ്‌റ്റില്‍ പറഞ്ഞു.
2009ല്‍ ന്യൂസിലന്‍ഡിനായി അരങ്ങേറ്റം നടത്തിയ ഗപ്‌റ്റില്‍ ടീമിന്‍റെ എക്കാലത്തേയും മികച്ച വൈറ്റ് ബോള്‍ ബാറ്റര്‍മാരില്‍ ഒരാളാണ്. 198 ഏകദിനങ്ങളില്‍ നിന്നും 18 സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറികളും സഹിതം 7346 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പുറത്താവാതെ നേടിയ 237 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണിത്. 122 ടി20 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ചുറിയും 20 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 3531 റണ്‍സാണ് താരം നേടിയത്. 47 ടെസ്റ്റുകളില്‍ നിന്നും 2586 റണ്‍സാണ് ഗപ്‌റ്റിലിന്‍റെ സമ്പാദ്യം.
അടുത്തിടെ ഓസ്‌ട്രേലയയില്‍ സമാപിച്ച ടി20 ലോകകപ്പിന്‍റെ സെമിയിലെത്തിയ കിവീസ് സ്‌ക്വാഡിന്‍റെ ഭാഗമായിരുന്നു താരം. തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ നിന്നും ഗപ്‌റ്റിലിനെ ഒഴിവാക്കിയിരുന്നു. പകരം യുവതാരമായ ഫിന്‍ അലനാണ് ടീമിലെത്തിയത്.
അതേസമയം ഈ വര്‍ഷം ന്യൂസിലന്‍ഡ് ക്രിക്കറ്റുമായുള്ള കരാര്‍ അവസാനിപ്പിക്കുന്ന മൂന്നാമെത്തെ വെറ്ററന്‍ താരമാണ് ഗപ്‌റ്റില്‍. നേരത്തെ പേസര്‍ ട്രെന്‍റ് ബോൾട്ട്, ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോം എന്നിവരാണ് ബോര്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ടി20 ബിഗ് ബാഷ് ലീഗിലെ ടീമുകളുമായി ഇരുവരും കരാറിലെത്തിയിരുന്നു. ബോൾട്ടിനെ മെൽബൺ സ്റ്റാർസും ഡി ഗ്രാൻഡ്ഹോം അഡ്‌ലെയ്‌ഡ്‌സ് സ്‌ട്രൈക്കേഴ്‌സുമാണ് സ്വന്തമാക്കിയത്.
Also read:'ഇതെന്‍റെ ടീമാണ്, ഞാനും കോച്ചും ചേര്‍ന്ന് തെരഞ്ഞെടുക്കും'; സഞ്‌ജുവിനെ തഴഞ്ഞതില്‍ മറുപടിയുമായി ഹാര്‍ദിക് പാണ്ഡ്യ