മുംബൈ :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ (Team India). ഇതുവരെ കളിച്ച ആറ് മത്സരവും ജയിച്ച ഇന്ത്യ സെമി ഫൈനല്‍ ബെര്‍ത്തിന്‍റെ പടിവാതില്‍ക്കലാണ് നിലവില്‍. സെമി ഉറപ്പിക്കാന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരൊറ്റ ജയം മാത്രമാണ് ഇന്ത്യയ്‌ക്ക് ഇനി ആവശ്യം.
ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും തകര്‍പ്പന്‍ ഫോമിലാണ് ലോകകപ്പില്‍ ടീം ഇന്ത്യയുടെ കുതിപ്പ്. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും (Jasprit Bumrah) കുല്‍ദീപ് യാദവും (Kuldeep Yadav) മുഹമ്മദ് ഷമിയും (Muhammad Shami) എതിരാളികളെ എറിഞ്ഞിടുമ്പോള്‍ രോഹിതും കോലിയും രാഹുലുമെല്ലാം ചേര്‍ന്നാണ് ഇന്ത്യയ്‌ക്കായി റണ്‍സ് അടിച്ച് കൂട്ടുന്നത്. സീനിയര്‍ താരങ്ങളായ ക്യപ്‌റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഫോമാണ് ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിന്‍റെ കരുത്ത്.
ലോകകപ്പില്‍ ആറ് മത്സരം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയത് നായകന്‍ രോഹിത് ശര്‍മയാണ് (Rohit Sharma). ആറ് മത്സരങ്ങില്‍ നിന്നും 398 റണ്‍സാണ് ഇന്ത്യന്‍ നായകന്‍റെ സമ്പാദ്യം. 66.33 ശരാശരിയില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും അടിച്ചെടുക്കാനും ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli). ആറ് മത്സരങ്ങളില്‍ നിന്നും 88.50 ശരാശരിയില്‍ കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത് 354 റണ്‍സാണ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയുമാണ് കോലി ഇതുവരെ അടിച്ചെടുത്തത്.