കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കൻ മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. തിരിച്ചുവരവ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി താരം ഐപിഎല്ലിനിടെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നടത്തിയത്.
വിരമിക്കാനുള്ള തീരുമാനം എന്നന്നേക്കുമായിരുന്നുവെന്ന് താരം വ്യക്തമാക്കിയതായും, ഇതുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള ചര്‍ച്ചകളും അവസാനിപ്പിച്ചതായുമാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രസ്തവനയില്‍ വ്യക്തമാക്കിയത്. എന്നാല്‍ എന്തുകൊണ്ടാണ് താരം തന്‍റെ തീരുമാനം മാറ്റിയതെന്ന് സംബന്ധിച്ച് യാതൊരു വിവരവും പുറത്തു വന്നിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍.
READ MORE:'വിരമിക്കല്‍ എന്നന്നേക്കുമായി'; ഡിവില്ലിയേഴ്‌സുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി സിഎസ്‌എ
താരം തിരിച്ചെത്തുന്നത് മൂലം അര്‍ഹതപ്പെട്ട മറ്റൊരാള്‍ക്ക് ടീമില്‍ നിന്നും സ്ഥാനം നഷ്ടപ്പെടുന്ന ഭയത്താലാണ് ഡിവില്ലിയേഴ്സ് തിരിച്ചെത്താനുള്ള തീരുമാനം മാറ്റിയതെന്നാണ് ബൗച്ചര്‍ പറയുന്നത്. ' ഡിവില്ലിയേഴ്സ് ഇപ്പോഴും മികച്ച കളിക്കാരനാണെന്ന്, അല്ലെങ്കില്‍ അന്താരഷ്ട്ര ടി20 ക്രിക്കറ്റിലെ മികച്ച കളിക്കാരനാണെന്ന് എല്ലാവരും സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നു. ടീമിലേക്ക് തിരിച്ചെത്തുന്നത് ആര്‍ഹതപ്പെട്ട മറ്റൊരാളുടെ സ്ഥാനം നഷ്ടപ്പെടുത്തുമെന്ന് അയാള്‍ ഭയപ്പെടുന്നു. ഒരു കോച്ച് എന്ന നിലയില്‍ മികച്ച കളിക്കാരെ ലഭിക്കേണ്ടതുണ്ട്. ഇതിനായാണ് ഞാന്‍ പരിശ്രമിക്കുക. എബിഡി ഒരു എനര്‍ജി ബൂസ്റ്ററാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു'. ബൗച്ചര്‍ പറഞ്ഞു.
2018ലാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അതേസമയം ഡിവില്ലിയേഴ്സിനെ ഒഴിവാക്കി വെസ്റ്റിൻഡീസ്, അയര്‍ലന്‍റ് എന്നീ ടീമുകള്‍ക്ക് എതിരായ മത്സരങ്ങൾക്കുള്ള ടീമിനെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിൻഡീസിനെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഡീൻ എൽഗറുടെ നേതൃത്വത്തിൽ 19 അംഗ ടീമിനെയാണ് സിഎസ്‌എ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 10 മുതൽ 22 വരെയാണ് മത്സരങ്ങള്‍ നടക്കുക. തുടര്‍ന്ന് നടക്കുന്ന ടി20 പരമ്പയ്ക്കായി ടെംബ ബാവുമയുടെ നേതൃത്വത്തില്‍ 20 അംഗ ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്.