മുംബൈ: ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുകയാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. അഞ്ച് കിരീടങ്ങള്‍ നേടിയ സംഘം ഈ സീസണില്‍ കളിച്ച എട്ട് മത്സരങ്ങളും തോറ്റു. ഇതോടെ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന ആദ്യ ടീമായും മുംബൈ മാറി.
അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോടായിരുന്നു സംഘം തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത്. ട്വിറ്ററിലൂടെയാണ് താരം ടീമിന്‍റെ മോശം പ്രകടനം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.
''ടൂര്‍ണമെന്‍റില്‍ ഇത്തവണ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനായില്ല. കായിക രംഗത്ത് അതികായരായ പലര്‍ക്കും ഇതേഘട്ടത്തിലൂടെ കടുന്നുപോവേണ്ടതായി വന്നിട്ടുണ്ട്. പക്ഷെ ഈ ടീമിനെയും അതിന്‍റെ അന്തരീക്ഷത്തെയും ഞാനേറെ ഇഷ്ടപ്പെടുന്നു. ഈ ടീമിനോടൊപ്പം ഇപ്പോഴും ഉറച്ചു നില്‍ക്കുന്ന അഭ്യുദയാകാംക്ഷികളെ ഞാന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു'' രോഹിത്ത് ട്വീറ്റ് ചെയ്‌തു.
also read: IPL 2022 | മുംബൈക്കും ചെന്നൈക്ക് പ്രതീക്ഷയുണ്ടോ?; ഐപിഎല്ലില്‍ ടീമുകളുടെ പ്ലേ ഓഫ് സാധ്യത
ടീമിന്‍റെ നട്ടെല്ലായ ക്യാപ്റ്റന്‍ രോഹിത്തിന് പുറമെ സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്, ഇഷാൻ കിഷൻ എന്നിവരുടെ മോശം പ്രകടനമാണ് ടീമിന്‍റെ തോല്‍വിക്ക് മുഖ്യകാരണം. ബൗളിങ് യൂണിറ്റില്‍ ജസ്പ്രീത് ബുംറയെ പിന്തുണയ്‌ക്കാന്‍ മികച്ച ഒരു പേസറോ, ക്വാളിറ്റി സ്‌പിന്നറോയില്ലാത്തതും ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ തുടങ്ങിയ താരങ്ങളുടെ കൂടുമാറ്റവും ടീമിന് തിരിച്ചടിയാണ്.