ലണ്ടന്‍: ക്രിക്കറ്റ് നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാൻ തീരുമാനമെടുത്ത് മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്. പുതിയ നിയമങ്ങള്‍ ഈ വര്‍ഷം ഒക്‌ടോബർ ഒന്നിന് പ്രാബല്യത്തില്‍ വരും. ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന അന്തിമ സമിതിയാണ് എംസിസി എന്നറിയപ്പെടുന്ന ലണ്ടനിലെ മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്.
ഇനി മങ്കാദിങിനെ പരിഹസിക്കണ്ട, വിമർശനവും വേണ്ട
അടുത്ത കാലത്ത് ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട പുറത്താക്കല്‍ രീതിയാണ് മങ്കാദിങ്. ഐപിഎല്ലില്‍ ജോസ് ബട്‌ലറെ പുറത്താക്കാന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ് പ്രയോഗിച്ചത് വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ബൗളിങ് എൻഡില്‍ ബൗളര്‍ പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കർ ബാറ്ററെ റണ്ണൗട്ടാക്കുന്ന രീതിയാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചിരുന്നത്. ഈ രീതിയിൽ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കാന്‍ അനുവദിക്കുന്ന നിയമം കളിക്കളത്തിലെ അന്യായ നീക്കങ്ങളുടെ ഗണത്തില്‍ നിന്ന് റണ്ണൗട്ട് നിയമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് എംസിസിയുടെ തീരുമാനം.
1948 ലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ മങ്കാദിങ് അരങ്ങേറിയത്. പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബില്‍ ബ്രൗണിനെ ഇന്ത്യന്‍ ഇതിഹാസം വിനൂ മങ്കാദ് റണ്ണൗട്ടാക്കിയത് വലിയ ചർച്ചകൾക്ക് കാരണമായി. ബ്രൗണിന്‍റെ പുറത്താകലിനെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് മങ്കാദിങ് എന്ന് വിളിച്ചത്. ഇത്തരത്തില്‍ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്നതിന് ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ പേര് വിളിക്കുന്നത് വിനു മങ്കാദിനെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഗാവസ്‌കറുടെ വാദം.
ഉമിനീരിന് വിലക്ക് തന്നെ
പന്തിന് തിളക്കം വര്‍ധിപ്പിക്കാനായി ഉമിനീര്‍ ഉപയോഗിക്കുന്നതിന് പൂര്‍ണമായി നിരോധിക്കും. എംസിസിയുടെ പുതിയ പരിഷ്‌കാരങ്ങള്‍ അനുസരിച്ച് പന്തില്‍ ഉമിനീര് ഉപയോഗിക്കാന്‍ താരങ്ങള്‍ക്ക് അനുമതിയില്ല. പന്തില്‍ കൃത്രിമം കാണിക്കുന്ന നീക്കമായി ഉമിര്‍നീര്‍ പ്രയോഗം ഒക്‌ടോബര്‍ മുതല്‍ കണക്കാക്കും. നേരത്തേ കൊവിഡ് മഹാമാരിക്കു ശേഷം രോഗവ്യാപനം തടയുന്നതിനായി താരങ്ങള്‍ ഉമിനീര് പ്രയോഗിക്കരുതെന്ന നിബന്ധന വച്ചിരുന്നു. ഉമിനീരിന്‍റെ ഉപയോഗം പൂര്‍ണമായി വിലക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ എംസിസി എടുത്തിരിക്കുന്നത്.