മുംബൈ :സമീപ കാലത്തായുള്ള മികച്ച പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്താനായാല്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ കഴിയുമെന്ന് മുന്‍താരം മനീന്ദര്‍ സിങ്. ഐപിഎല്ലിലും തുടര്‍ന്ന് വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലും കുല്‍ദീപ് നടത്തിയ പ്രകടനമാണ് ഇന്ത്യയുടെ ഇടങ്കയ്യന്‍ സ്‌പിന്നറായിരുന്ന മനീന്ദറിന്‍റെ അഭിപ്രായത്തിന് പിന്നില്‍. വളരെയധികം പ്രയത്നത്തിലൂടെയാണ് കുല്‍ദീപ് മികവിലേക്കെത്തിയതെന്നും മനീന്ദര്‍ പറഞ്ഞു.
'കുൽദീപ് യാദവിന്‍റെ പ്രകടനം മോശമാകാൻ തുടങ്ങിയിരുന്നു. എന്നാല്‍ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുമ്പോൾ ഈ വർഷം അവന്‍ മികച്ച തിരിച്ചുവരവ് നടത്തിയത് വളരെയധികം പരിശ്രമിച്ചെന്നതിന്‍റെ തെളിവാണ്. ഒരു കളിക്കാരന്‍ തിരിച്ചുവരുമ്പോള്‍ അവന്‍റെ ശരീരഭാഷയും കളിക്കളത്തിലെ പ്രതികരണങ്ങളും കാണുമ്പോള്‍ കഠിനപ്രയത്നം നടത്തിയതായി മനസിലാകും.
also read:'ബാബറിന് കോലിയെപ്പോലെ ഏറെ നീണ്ട ദുരിതകാലമുണ്ടാവില്ല' ; കാരണങ്ങള്‍ നിരത്തി ആഖിബ് ജാവേദ്
ഡല്‍ഹി ക്യാപിറ്റല്‍സിനായി മികച്ച പ്രകടനമാണ് കുല്‍ദീപ് നടത്തിയത്. ആ ആത്മവിശ്വാസമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ കണ്ടത്. സ്ഥിരതയോടെ പന്തെറിയാനായാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ അവന് ഇടം ലഭിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിക്കറ്റ് വീഴ്‌ത്തുന്നതിനൊപ്പം മധ്യ ഓവറുകളില്‍ റണ്‍നിരക്ക് കുറയ്‌ക്കാനും അവന് കഴിയും' - മനീന്ദര്‍ സിങ് പറഞ്ഞു.
ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 14 മത്സരങ്ങളില്‍ 21 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കുല്‍ദീപിന് കഴിഞ്ഞിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്തിടെ അവസാന ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് കുല്‍ദീപിന് അവസരം ലഭിച്ചത്. നാല് ഓവറില്‍ ഒരു മെയ്‌ഡനടക്കം 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.