ദുബായ്:കോടികൾ മാറി മറിയുന്ന ഐപിഎല്‍ താരലേലം. താരങ്ങളെ തെരഞ്ഞെടുക്കാൻ ടീമുകൾ മത്സരിക്കുമ്പോൾ അവർക്കു മുന്നില്‍ ചുറ്റികയുയർത്തി ഒരാളുണ്ടാകും. ലേലം നടത്തിപ്പുകാരൻ. അയാളുടെ ചുറ്റിക തുമ്പിലാണ് ഏത് താരം ഏത് ടീമിനൊപ്പം പോകണമെന്ന തീരുമാനം ഉണ്ടാകുന്നത്.
സരസമായി, ഒരു ചെറു പുഞ്ചിരി കൊണ്ട് ലേലത്തില്‍ പങ്കെടുക്കുന്നവരെ കയ്യിലെടുത്ത് അന്തിമ തീരുമാനത്തിലേക്ക് എത്തിക്കുന്ന മാന്ത്രിക വിദ്യ കൈവശമുള്ളവരാണ് ലേലം നടത്തിപ്പുകാർ. മുന്നില്‍ പണ സഞ്ചിയുമായി വന്നിരിക്കുന്നവരെ പിണക്കാതെ അവർക്ക് ആവശ്യമുള്ളത് നേടാൻ അവസരം ഒരുക്കുക എന്നതാണ് അവരുടെ ജോലി.
ലോകപ്രസിദ്ധരായ ലേലം നടത്തിപ്പുകാരായ റിച്ചാർഡ് മാഡ്‌ലി, ഹഗ് എഡ്‌മെഡെസ്, ഇന്ത്യക്കാരനായ ചാരു ശർമ എന്നിവരുടെ പിൻഗാമിയായി ആരാകും ഐപിഎല്‍ താര ലേലം നടത്തിപ്പിന് എത്തുക എന്ന ചോദ്യം നിലനിന്നിരുന്നു. ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി ഒരാൾ വന്നു... പേര് മല്ലിക സാഗർ... ഇന്ത്യയില്‍ വേരുകളുള്ള ലേലം നടത്തിപ്പില്‍ ലോക പ്രശസ്‌തയായ വനിത. 15 വർഷത്തെ ചരിത്രമുള്ള ഐപിഎല്ലില്‍ ലേലം നടത്തിപ്പിന് എത്തിയ ആദ്യവനിത. വിശേഷണങ്ങൾ നിരവധിയുണ്ട് മല്ലിക സാഗറിന്.
വായിച്ചറിഞ്ഞ കഥകളില്‍ നിന്ന് തൊഴില്‍ കണ്ടെത്തിയ വനിത:ലേലത്തെ സംബന്ധിച്ച് ചെറുപ്പകാലത്ത് വായിച്ച കഥകളില്‍ നിന്നാണ് ലേലം നടത്തിപ്പാണ് സ്വന്തം തൊഴില്‍ എന്ന് തിരിച്ചറിഞ്ഞതെന്ന് നാല്‍പത്തിയെട്ടുകാരിയായ മല്ലിക സാഗർ പറഞ്ഞിട്ടുണ്ട്. വിവിധ കല സൃഷ്‌ടികളുടെ ലേലം നടത്തിപ്പില്‍ ലോക ശ്രദ്ധയാകർഷിച്ച മല്ലിക മോഡേൺ ആർട്ടിൽ സ്പെഷ്യലിസ്റ്റും മുംബൈ ആസ്ഥാനമായ സ്ഥാപനത്തിലെ ലേലം നടത്തിപ്പുകാരിയുമാണ്.