മെൽബണ്‍: ടി20 ലോകകപ്പിൽ കോലിയുടെ റണ്‍ വേട്ട തുടരുകയാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ മത്സരത്തിലെ അർധ സെഞ്ച്വറി പ്രകടനത്തിലൂടെ ടി20 ലോകകപ്പിൽ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കിയിരുന്നു. ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനയെ പിൻതള്ളിയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോൾ കോലിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മഹേല ജയവർധനെ.
'നിങ്ങൾ എല്ലായ്‌പ്പോഴും ഒരു യോദ്ധാവായിരുന്നു'; കോലിയെ പ്രശംസിച്ച് മഹേല ജയവർധനെ - T20 World Cup
മഹേല ജയവർധനയെ പിന്നിലാക്കി ടി20 ലോകകപ്പിൽ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് വിരാട് കോലി ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ സ്വന്തമാക്കിയിരുന്നു.
'റെക്കോഡുകൾ തകർക്കപ്പെടാൻ ഉള്ളതാണ്. എന്‍റെ റെക്കോഡ് തകർക്കാൻ കഴിവുള്ള ഒരാൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അത് നിങ്ങളാണ് വിരാട്, അഭിനന്ദനങ്ങൾ സുഹൃത്തേ. നിങ്ങൾ എല്ലായ്‌പ്പോഴും ഒരു യോദ്ധാവായിരുന്നു. ഫോം താൽക്കാലികമാണ്, ക്ലാസ് സ്ഥിരമാണ്. അഭിനന്ദനങ്ങൾ സുഹൃത്തേ.' ഐസിസി പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ജയവർധന പറഞ്ഞു.
ടി20 ലോകകപ്പിൽ 31 മത്സരങ്ങളിൽ നിന്ന് ജയവർധന നേടിയ 1016 റണ്‍സാണ് കോലി മറികടന്നത്. നിലവിൽ 24 ടി20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 1065 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 13 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. വെസ്‌റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിൽ (965), ഇന്ത്യൻ നായകൻ രോഹിത് ശർമ (921) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.