ദുബായ്: ഇന്ത്യൻ താരം വിരാട് കോലി ഉടൻ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ശ്രീലങ്കൻ മുൻ നായകൻ മഹേല ജയവർധനെ. കോലി മികച്ച താരമാണെന്നും നീണ്ട കാലമായുള്ള ഫോമില്ലായ്‌മയിൽ നിന്ന് കരകയറാൻ ആവശ്യമായ എല്ലാ കഴിവുകളും കോലിക്കുണ്ടെന്നും ജയവർധനെ കൂട്ടിച്ചേർത്തു. ഐസിസി റിവ്യൂ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിലായിരുന്നു ജയവർധനയുടെ പ്രതികരണം.
വിരാട് ഇപ്പോൾ കടന്നുപോകുന്നത് നിർഭാഗ്യകരമായ അവസ്ഥയിലൂടെയാണ്. പക്ഷേ അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. നഷ്‌ടപ്പെട്ട ഫോമിൽ നിന്ന് തിരികെ കയറാനുള്ള എല്ലാ കഴിവുകളും അവനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവൻ പണ്ടും ഇത്തരം അവസ്ഥകളെ തരണം ചെയ്‌തിട്ടുണ്ട്. അതിനാൽ തന്നെ അവൻ തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. ക്ലാസ് എന്നത് ശാശ്വതവും ഫോം എന്നത് താത്‌കാലികവുമാണ്, ജയവർധനെ പറഞ്ഞു.