ഷാര്‍ജ : ടി20 ലോകകപ്പിൽ ശ്രീലങ്കയെ 26 റണ്‍സിന് തകത്ത് ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ മികവിൽ 20 ഓവറിൽ 163 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19 ഓവറിൽ 137 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. സൂപ്പർ 12 പോരാട്ടങ്ങളിൽ തുടർച്ചയായ നാല് മത്സരങ്ങളും വിജയിച്ചാണ് ഇംഗ്ലണ്ട് സെമിയിൽ സ്ഥാനമുറപ്പിച്ചത്.
അതേസമയം തുടർച്ചയായ മൂന്നാം തോൽവിയോടെ ശ്രീലങ്ക പുറത്താകലിന്‍റെ വക്കിലെത്തിയിട്ടുണ്ട്. നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്‍റുള്ള ഇംഗ്ലണ്ടാണ് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് തോൽവിയുമുൾപ്പെടെ രണ്ട് പോയിന്‍റുമായി ശ്രീലങ്ക പട്ടികയിൽ നാലാം സ്ഥാനത്താണ്.
ഇംഗ്ലണ്ടിന്‍റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ പാത്തും നിസങ്ക(1) റണ്ണൗട്ടായി മടങ്ങി. പിന്നാലെ ടീമിന് നല്ല തുടക്കമിട്ട ചരിത അസലങ്കയെയും(21)കുശാല്‍ പെരേരയെയും(7)മടക്കി ആദില്‍ റഷീദ് ലങ്കയുടെ നടുവൊടിച്ചു. 34-3ലേക്ക് കൂപ്പുകുത്തിയ ലങ്കയെ അവിഷ്‌ക ഫെര്‍ണാണ്ടോയും ഭാനുക രജപക്സെയും ചേര്‍ന്ന് 50 കടത്തി.
എന്നാൽ ഫെര്‍ണാണ്ടോയെ(13) വിക്കറ്റിന് മുന്നില്‍ കുടുക്കി ക്രിസ് ജോര്‍ദാന്‍ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ തകർച്ചയിലേക്ക് നീങ്ങിയ ലങ്കയെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാനിന്ദു ഹസരങ്കയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ചേർന്ന് മെല്ലെ കരകയറ്റി. ആറാം വിക്കറ്റില്‍ 53 റണ്‍സ് അടിച്ചുകൂട്ടിയ ഇരുവരും ലങ്കയെ വിജയവരകടത്തുമെന്ന് കരുതിയെങ്കിലും ലിവിംഗ്‌സ്റ്റണിന്‍റെ പന്തില്‍ ഹസരങ്കയെ(21 പന്തില്‍ 34) ജേസണ്‍ റോയിയും പകരക്കാരന്‍ ഫീല്‍ഡര്‍ സാം ബില്ലിങ്സും ചേര്‍ന്ന് മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കി.