മുംബൈ :ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ (Asia Cup 2023 India Squad) കഴിഞ്ഞ ദിവസം ബിസിസിഐ (BCCI) സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തിലുള്ള 17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കര്‍ (Ajit Agarkar) അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. പരിക്കേറ്റ് ഏറെ നാളായി ടീമിന് പുറത്തായിരുന്ന കെഎല്‍ രാഹുല്‍ (KL Rahul), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവര്‍ ടീമില്‍ തിരികെ എത്തിയിരുന്നു.
ശ്രേയസ് അയ്യര്‍ നൂറ് ശതമാനം ഫിറ്റാണെങ്കിലും രാഹുലിന് നിസാരമായ പരിക്കുണ്ടെന്ന് ടീം പ്രഖ്യാപന വേളയില്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. ഇതോടെ 31-കാരനായ രാഹുലിന് ടീമിന്‍റെ ആദ്യ മത്സരത്തില്‍ കളിക്കാന്‍ കഴിയിയില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മദന്‍ ലാല്‍ (Madan Lal on Asia Cup 2023 India Squad ) .
രാഹുലിന്‍റെ പരിക്കെന്ത്? :രാഹുലിന്‍റെ പരിക്കെന്തെന്ന്സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കര്‍ തുറന്ന് പറയണമായിരുന്നുവെന്നാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ താരം പറയുന്നത് (Madan Lal on KL Rahul fitness).
"നമ്മള്‍ എല്ലാവരും പ്രതീക്ഷിച്ചതുപോലുള്ള ടീമാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ആശങ്കാജനകമായ ഒരേയൊരു കാര്യം ഫിറ്റ്നസ് നിലയാണ്. കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തോയെന്ന് സെലക്ഷന്‍ കമ്മിറ്റിക്കും മാനേജ്മെന്‍റിനും ഉറപ്പില്ലെന്നാണ് എനിക്ക് തോന്നുന്നത്. രാഹുലിന്‍റെ ഇപ്പോഴത്തെ പരിക്ക് എന്തെന്ന് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ വ്യക്തമാക്കേണ്ടതായിരുന്നു"- മദന്‍ ലാല്‍ പറഞ്ഞു.