മുംബൈ: ബംഗ്ലാദേശ് വനിതകള്‍ക്ക് എതിരായ മൂന്നാം ഏകദിനത്തിന് പിന്നാലെ വിവാദച്ചുഴിയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. മത്സരത്തില്‍ പുറത്തായ ശേഷം സ്റ്റംപ് അടിച്ച് തകര്‍ത്ത ഹര്‍മന്‍പ്രീത് കൗര്‍ മത്സര ശേഷം സംസാരിക്കവെ അമ്പയര്‍മാര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. പിന്നീട് നടന്ന സമ്മാനദാന ചടങ്ങിനിടയില്‍ ബംഗ്ലാദേശ് താരങ്ങളെ അപഹസിക്കുന്ന തരത്തിലേക്കും ഹര്‍മന്‍പ്രീത് കടന്നു.
ഹര്‍മന്‍റെ ഈ പെരുമാറ്റത്തിന് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മദന്‍ ലാല്‍. ഹര്‍മന്‍പ്രീത് കൗര്‍ തന്‍റെ പെരുമാറ്റത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് മോശം പേരുണ്ടാക്കി എന്നാണ് 1983-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ പുരുഷ ടീമില്‍ അംഗമായിരുന്ന മദന്‍ ലാല്‍ പറയുന്നത്. ക്രിക്കറ്റിന് മുകളിലല്ല ഹര്‍മന്‍പ്രീത് കൗറെന്നും താരത്തിനെതിരെ ബിസിസിഐ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
'ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീമിനെതിരായ ഹര്‍മന്‍പ്രീത് കൗറിന്‍റെ പെരുമാറ്റം ഏറെ പരിതാപകരമായിരുന്നു. ക്രിക്കറ്റിന്‍റെ മുകളിലല്ല ഹര്‍മന്‍റെ സ്ഥാനം. ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ക്രിക്കറ്റിന് മോശം പേരാണ് ഉണ്ടാക്കിയിരിക്കുന്നത്. താരത്തിനെതിരെ അതിശക്തമായ അച്ചടക്ക നടപടി ബിസിസിഐ സ്വീകരിക്കേണ്ടതുണ്ട്' - മദന്‍ ലാല്‍ ട്വീറ്റ് ചെയ്‌തു.
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന അഞ്ജും ചോപ്രയും നേരത്തെ ഹര്‍മന്‍പ്രീത് കൗറിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന സമയത്ത് കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്നായിരുന്നു അഞ്ജും ചോപ്രയുടെ വാക്കുകള്‍. ദേഷ്യമൊക്കെ അവസാനിച്ച് മനസ് ശാന്തമാവുന്ന സമയത്ത് താരം ഇക്കാര്യം ആലോചിക്കും. ഇത്തരം സാഹചര്യങ്ങള്‍ കുറച്ച് മെച്ചപ്പെട്ട രീതിയില്‍ ഹര്‍മന് കൈകാര്യം ചെയ്യാമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.