ഹൈദരാബാദ്:ഐപിഎല്‍ 2023 സീസണിലെ ആദ്യ മത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. കെഎല്‍ രാഹുലിന് കീഴിലിറങ്ങുന്ന ലഖ്‌നൗ 2022ല്‍ തങ്ങളുടെ അരങ്ങേറ്റ സീസണില്‍ തന്നെ പ്ലേഓഫ് ഘട്ടത്തിലെത്തിയിരുന്നു. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടതോടെയാണ് സംഘത്തിന്‍റെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചത്.
ഇതോടെ കൈവിട്ട കിരീടം തിരികെ പിടിക്കാനാവും പുതിയ സീസണില്‍ രാഹുലും സംഘവും ലക്ഷ്യം വയ്‌ക്കുകയെന്നുറപ്പ്. ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, കൈൽ മേയേഴ്‌സ്, മാർക്കസ് സ്റ്റോയിനിസ് എന്നിങ്ങനെയുള്ള ലോകോത്തര ഓൾറൗണ്ടർമാരുടെ നിരയാണ് സംഘത്തിന്‍റെ പ്രധാന കരുത്ത്. ക്യാപ്റ്റൻ കെഎൽ രാഹുൽ, ക്വിന്‍റൺ ഡി കോക്ക്, നിക്കോളാസ് പുരാൻ, ആയുഷ് ബദോനി എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രധാനികള്‍.
ഡി കോക്ക്, സ്റ്റോയിനിസ്, ഹൂഡ, പുരാൻ എന്നിവർ ആധുനിക ക്രിക്കറ്റിലെ ഏറ്റവും സ്‌ഫോടനാത്മക ബാറ്റര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ കഴിവിലും ടീം പ്രതീക്ഷ വയ്‌ക്കുന്നുണ്ട്. ആവേശ് ഖാൻ, രവി ബിഷ്‌ണോയ്, ജയ്ദേവ് ഉനദ്ഘട്ട്, മാര്‍ക്ക് വുഡ്, ഡാനില്‍ സാംസ് എന്നിവരാണ് ബോളിങ്ങിലെ പ്രതീക്ഷ.
ബോളിങ് യൂണിറ്റിന് അനുഭവ സമ്പത്ത് കുറവാണെന്നത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ബാറ്റര്‍മാർക്ക് കൂടുതല്‍ സമ്മര്‍ദം നല്‍കും. ഉനദ്ഘട്ടിന്‍റേയും ബിഷ്‌ണോയിയുടേയും പ്രകടനം ഏറെ നിര്‍ണായകമാണ്. ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിഞ്ഞാല്‍ തവണ കൈവിട്ട കിരീടമുയര്‍ത്താന്‍ ലഖ്‌നൗവിന് ഇത്തവണ കഴിഞ്ഞേക്കും.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്‌ക്വാഡ്
കെഎൽ രാഹുൽ (ക്യാപ്റ്റന്‍), ആയുഷ് ബഡോണി, കരൺ ശർമ, മനൻ വോറ, ക്വിന്റൺ ഡി കോക്ക്, മാർക്കസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, കൈൽ മേയേഴ്സ്, ക്രുണാൽ പാണ്ഡ്യ, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, മാർക്ക് വുഡ്, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, നിക്കോളാസ് പുരാൻ, ജയദേവ് ഉനദ്ഘട്ട്, യാഷ് താക്കൂർ, റൊമാരിയോ ഷെപ്പേർഡ്, ഡാനിയൽ സാംസ്, അമിത് മിശ്ര, പ്രേരക് മങ്കാഡ്, സ്വപ്നിൽ സിങ്, നവീൻ ഉൾ ഹഖ്, യുധ്‌വീർ ചരക്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരക്രമം
ഏപ്രിൽ 1 - ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് vs ഡൽഹി ക്യാപിറ്റൽസ് (7:30 PM)
ഏപ്രിൽ 3 - ചെന്നൈ സൂപ്പർ കിംഗ്‌സ് vs ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (7:30 PM)
ഏപ്രിൽ 7 - ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് (7:30 PM)
ഏപ്രിൽ 10 - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ vs ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (3:30 PM)