സതാംപ്ടണ്‍ : സമനിലയില്‍ കലാശിക്കുമെന്ന് ക്രിക്കറ്റ് ലോകത്ത് പലരും വിലയിരുത്തിയ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ തോല്‍വി കനത്ത നിരാശയാണ് ആരാധകര്‍ക്ക് നല്‍കിയത്.
റോസ് ബൗൾ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഴകൂടി പങ്കെടുത്തതോടെയാണ് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലേക്കെന്ന ചര്‍ച്ചകളുടെ തുടക്കം.
എന്നാല്‍ ആദ്യ ഇന്നിങ്സില്‍ 217 റണ്‍സിന് പുറത്തായ കോലിപ്പട, രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞതോടെയാണ് കിവികള്‍ മത്സരം പിടിച്ചത്. 170 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് കണ്ടെത്താനായത്.
ഇതോടെ മത്സരത്തിന്‍റെ അവസാന ദിനം 43 പന്തുകള്‍ ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന് കിവീസ് മത്സരം പിടിക്കുകയായിരുന്നു. ചാമ്പ്യന്‍മാരായ കിവീസിനെ പ്രശംസിച്ചും ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായക കാരണവും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ന്യൂസിലാന്‍ഡ് ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങളായിരുന്നു മികച്ച സംഘമായിരുന്നു. ടീം ഇന്ത്യ അവരുടെ പ്രകടനത്തില്‍ നിരാശരാകും.
ഞാന്‍ സൂചിപ്പിച്ചതുപോലെ ആദ്യ 10 ഓവറുകള്‍ നിര്‍ണായകമായിരുന്നു. വിരാട് കോലിയുടെയും ചേതേശ്വര്‍ പൂജാരയുടേയും വിക്കറ്റ് 10 പന്തുകള്‍ക്കിടെ നഷ്‌ടമായി. അത് ഇന്ത്യന്‍ ടീമിനെ വലിയ സമ്മര്‍ദത്തിലാക്കി'- സച്ചിന്‍ ട്വീറ്റ് ചെയ്തു.
also read: 'ഇതിലും നന്നായി ബാറ്റ് ചെയ്യാമായിരുന്നു'; ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍
അതേസമയം റിസര്‍വ് ദിനത്തിന്‍റെ തുടക്കത്തില്‍ തന്നെ കൈൽ ജാമിസണാണ് വിരാട് കോലിയുടെയും ചേതേശ്വര്‍ പൂജാരയേയും പുറത്താക്കിയത്. 29 പന്തിൽ 13 റൺസെടുത്ത കോലി ജാമിസണിന്‍റെ പന്തില്‍ ബിജെ വാട്‌ലിങ്ങിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു.
80 പന്തിൽ നിന്ന് 15 റൺസെടുത്ത പൂജാരയേയും ജാമിസണ്‍ ടെയ്‌ലറുടെ കയ്യിലെത്തിച്ചു .സതാംപ്ടണിലെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സംഘത്തിന് ഇതിലും നന്നായി ബാറ്റ് ചെയ്യാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.