നിയോൺ:ഫെഡറേഷൻ ഓഫ് ഇന്‍റർനാഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റായി മുന്‍ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റന്‍ ലിസ സ്‌തലേക്കർ. പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനകളുടെ രാജ്യാന്തര വേദിയായ ഫിക്ക (FICA) യുടെ പ്രസിഡന്‍റ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് ലിസ. സ്വിറ്റ്‌സർലന്‍ഡിലെ നിയോണില്‍ നടന്ന ഫിക്ക എക്‌സിക്യുട്ടീവ് യോഗത്തിലാണ് ലിസയെ സംഘടനയുടെ അധ്യക്ഷയായി തെരഞ്ഞെടുത്തത്.
ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ട്. ക്രിക്കറ്റ് ഒരു ആഗോള കായിക മത്സരമായി ഉയർന്ന് വരുമ്പോൾ ഐസിസി അംഗരാജ്യങ്ങളുടെ അസോസിയേഷനുകൾക്കും കളിക്കാർക്കും വേണ്ടി പ്രവർത്തിക്കും. പ്രത്യേകിച്ചും എല്ലാ കളിക്കാർക്കും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഐസിസിയുമായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും ലിസ വ്യക്തമാക്കി.
മുന്‍താരവും കമന്‍റേറ്ററും എന്ന നിലയില്‍ ഫിക്കയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറ്റവും ഉചിതയായ ആളാണ് ലിസയെന്ന് ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ചെയർമാന്‍ ഹീത്ത് മില്‍സ് പ്രതികരിച്ചു. ഓസ്‌ട്രേലിയൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷനിലും ഒപ്പം താരങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നതിലും മുൻപന്തിയില്‍ ഉണ്ടായിരുന്ന ആളായിരുന്നു ലിസ.