ഒമാൻ: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മഹാരാജാസിന് തകർപ്പൻ ജയം. ഏഷ്യ ലയണ്‍സിനെ ആറ് വിക്കറ്റിനാണ് മഹാരാജാസ് തോൽപ്പിച്ചത്. ഏഷ്യ ലയണ്‍സിന്‍റെ 176 എന്ന കൂറ്റൻ വിജയലക്ഷ്യം അഞ്ച് പന്തുകൾ ശേഷിക്കെ ഇന്ത്യ മഹാരാജാസ് മറികടക്കുകയായിരുന്നു. യൂസഫ് പത്താന്‍റെ( 40പന്തിൽ 80) വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്.
176 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇന്ത്യ മഹാരാജയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 17 റണ്‍സെടുക്കുന്നതിനിടെ ഓപ്പണർ സ്റ്റുവർട്ട് ബിന്നിയെ(10) നഷ്‌ടമായി. തൊട്ട് പിന്നാലെ ബദ്രിനാഥും(0) കൂടാരം കയറി. ആറാം ഓവറിൽ നമാൻ ഓജ(20) ബൗൾഡ് ആയതോടെ മഹാരാജാസ് തകർച്ച മുന്നിൽ കണ്ടു.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് കെയ്‌ഫ്(42), യൂസഫ് പത്താൻ(80) എന്നിവർ ഇന്ത്യൻ മഹാരാജയെ ശക്തമായ നിലയിൽ എത്തിച്ചു. ഇരുവരും ചേർന്ന് 116 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ 17-ാം ഓവറിൽ യുസഫ് റണ്‍ ഔട്ട് ആയി. പിന്നാലെയെത്തിയ ഇർഫാൻ പത്താൻ(20) തകർപ്പൻ ഷേട്ടുകളിലൂടെ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.