ന്യൂഡൽഹി : രണ്ടാമത് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന് സെപ്‌റ്റംബറിൽ തുടക്കമാകും. മുൻ ഇന്ത്യൻ താരങ്ങളായ വിരേന്ദർ സെവാഗ്, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ എന്നിവർ കളത്തിലിറങ്ങുമെന്ന് സംഘാടകർ അറിയിച്ചു. രണ്ടാം സീസണിൽ നാല് ടീമുകളിലായി 110 അന്താരാഷ്‌ട്ര താരങ്ങളാണ് പങ്കെടുക്കുക.
'എനിക്ക് ക്രിക്കറ്റിൽ തുടരുന്നത് ഇഷ്‌ടമുള്ള കാര്യമാണ്. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസൺ എനിക്ക് നഷ്‌ടമായി, പക്ഷേ രണ്ടാം സീസണിലൂടെ കളത്തിലേക്ക് മടങ്ങിവരാനാകുന്നത് മികച്ച കാര്യമാണ്' - സെവാഗ് പറഞ്ഞു. പഠാൻ സഹോദരന്മാരും ടൂർണമെന്‍റിൽ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.
'ഇതിഹാസങ്ങളുടെ പോരാട്ടം തിരിച്ചെത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള മികച്ച ക്രിക്കറ്റ് താരങ്ങൾ ഒരുമിച്ച് വരുന്നത് നിങ്ങൾക്ക് കാണാം. ഈ കളിക്കാർ അവരുടെ കരിയറിൽ ക്രിക്കറ്റിന് വളരെയധികം സംഭാവന നൽകിയവരാണ്. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിൽ അവർ കളിക്കുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്' - ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മിഷണറും മുൻ ഇന്ത്യൻ ടീം പരിശീലകനുമായ രവി ശാസ്‌ത്രി പറഞ്ഞു.
2022 ജനുവരിയിൽ നടന്ന ആദ്യ സീസണിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരങ്ങളെ മൂന്ന് ടീമുകളായി തിരിച്ചാണ് മത്സരം നടത്തിയത്. ഇന്ത്യൻ താരങ്ങൾ മാത്രം ഉൾപ്പെട്ട 'ഇന്ത്യ മഹാരാജാസ്', ഏഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളിലെ താരങ്ങളെ ഉൾപ്പെടുത്തിയ 'ഏഷ്യൻ ലയൺസ്', മറ്റുരാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ അണിനിരന്ന വേൾഡ് ജയന്‍റ്‌സ് എന്നിവയായിരുന്നു മൂന്ന് ടീമുകൾ.
എന്നാൽ ഇത്തവണ ഐപിഎൽ ശൈലിയിൽ ഫ്രാഞ്ചൈസികൾക്ക് ടീമുകളെ സ്വന്തമാക്കാനുള്ള അവസരം ഉണ്ടാകും. നാല് ടീമുകളുടെ ഉടമയെ യഥാസമയം പ്രഖ്യാപിക്കുമെന്ന് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് സി ഇ ഒ രമൺ റഹേജ പറഞ്ഞു. ഓഗസ്‌റ്റ് ആദ്യം പ്ലെയർ ഡ്രാഫ്റ്റ് പ്രക്രിയയിലൂടെ നാല് ടീമുകളിൽ ഉൾപ്പെടുത്തും. ആകെ 15 മത്സരങ്ങളാണ് ടൂർണമെന്‍റിൽ ഉണ്ടാവുക. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരും ഉണ്ടാകും.