ജയ്‌പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന്‍റെ ഫാസ്റ്റ് ബോളിങ് പരിശീലകനായി ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയെ നിയമിച്ചു. ഐപിഎൽ കരിയറിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മാത്രം കളിച്ചിട്ടുള്ള മലിംഗ ഈയിടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ക്രിക്കറ്റിലേക്കുള്ള താരത്തിന്‍റെ രണ്ടാം വരവിൽ ആവേശത്തിലാണ് ആരാധകരും.
2008ലെ പ്രഥമ സീസണ്‍ മുതൽ 2019 വരെ മുംബൈ ഇന്ത്യൻസിന്‍റെ താരമായിരുന്ന മലിംഗ ഐപിഎല്ലിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമാണ്. 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകളാണ് മലിംഗ എറിഞ്ഞിട്ടിട്ടുള്ളത്. ഇത്രയും പരിചയ സമ്പത്തുള്ള താരത്തിന്‍റെ സാന്നിധ്യം രാജസ്ഥാനും ഏറെ ഗുണം ചെയ്യും.
ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗക്കാരയാണ് രാജസ്ഥാന്‍റെ മുഖ്യ പരിശീലകൻ. ഈ ബന്ധവും മലിംഗയെ രാജസ്ഥാനിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ട്രെവർ പെന്നി, സുബിൻ ബറൂച്ച, ദിശാന്ത് യാഗ്നിക് എന്നിവരും സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍റെ പരിശീലക നിരയിലുണ്ട്.
ALSO READ:ബാലൺ ഡി ഓറിൽ സുപ്രധാന മാറ്റങ്ങളുമായി ഫ്രാൻസ് ഫുട്ബോൾ
മാർച്ച് 26നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം. മെയ് 29നാണ് ഫൈനൽ. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസതമായി ഇത്തവണ ഗ്രൂപ്പുകളായി ടീമുകളെ തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.