ബെംഗളൂരു:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സെമി ബെര്‍ത്തിനായി പോരടിക്കുന്ന ന്യൂസിലന്‍ഡിന് തിരിച്ചടിയായി പേസര്‍ മാറ്റ് ഹെൻറിയുടെ പരിക്ക് (Matt Henry Injury). ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്‍ന്ന് താരത്തിന് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മാറ്റ് ഹെൻറിയുടെ പകരക്കാരനായി കൈല്‍ ജാമിസണെ (Kyle Jamieson) ന്യൂസിലന്‍ഡ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി.
ന്യൂസിലന്‍ഡിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെയാണ് മാറ്റ് ഹെൻറിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ താരത്തിന് പരിക്ക് ഭേദമാകാന്‍ 2-4 ആഴ്ച വിശ്രമം ആവശ്യമാണെന്ന് വിദഗ്ദര്‍ അറിയിക്കുകയായിരുന്നു. ഇതോടായാണ് ഹെൻറിക്ക് പകരം ജാമിസണെ ടീമിലെടുക്കാന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്.
ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് മാറ്റ് ഹെൻറി. ഇതുവരെയുള്ള ഏഴ് മത്സരവും കിവീസ് ജഴ്സിയില്‍ കളിക്കാനിറങ്ങിയ താരം 11 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ വരും മത്സരങ്ങളില്‍ കിവീസിന് ജയം അനിവാര്യമായ സാഹചര്യത്തില്‍ ഹെൻറിയുടെ അഭാവം ടീമിന് കനത്ത നഷ്ടമായിരിക്കും.
അതേസമയം, ലോകകപ്പിലെ അടുത്ത മത്സരത്തില്‍ നാളെ (നവംബര്‍ 4) പാകിസ്ഥാനെയാണ് ന്യൂസിലന്‍ഡ് നേരിടുന്നത്. ഈ മത്സരത്തില്‍ ജാമിസണും ന്യൂസിലന്‍ഡ് ടീമിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ (നവംബര്‍ 2) താരം ടീമിനൊപ്പം ചേര്‍ന്നിരുന്നു.