മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്നും സ്‌പിന്നര്‍ കുൽദീപ് യാദവിനെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ഒരു അധിക പേസറെ കളിപ്പിക്കാന്‍ മാനേജ്‌മെന്‍റ് തീരുമാനിച്ചതോടെയാണ് ആദ്യ ടെസ്റ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കുല്‍ദീപിന് പുറത്തിരിക്കേണ്ടി വന്നത്. ഈ തീരുമാനത്തിനെതിരെ മുന്‍ താരങ്ങളടക്കം നിരവരധി പേര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
എന്നാല്‍ വിഷയത്തെ എങ്ങനെയാണ് കുല്‍ദീപ് സമീപിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്‍റെ കോച്ച് കപിൽ പാണ്ഡെ. ക്ഷമയോടെ കാത്തിരിക്കാനും ഒടുവിൽ കാര്യങ്ങൾ ശരിയായി നടക്കുമെന്ന് വിശ്വസിക്കാനുമാണ് 27കാരന്‍ തന്നോട് പറഞ്ഞതെന്ന് കപിൽ പാണ്ഡെ പ്രതികരിച്ചു.
"കാലക്രമേണ കുൽദീപ് കൂടുതൽ ക്ഷമയുള്ളവനായി മാറിയിരിക്കുന്നു. തുടക്കത്തിൽ, അർഹമായ അവസരങ്ങൾ ലഭിക്കാത്തപ്പോൾ അവനെക്കുറിച്ച് ഞാൻ വളരെയധികം വിഷമിക്കുമായിരുന്നു. ഏകദിനത്തില്‍ അവന് മൂന്ന് ഹാട്രിക്കുകളുണ്ട്.
ഇന്ത്യ എയ്‌ക്ക് വേണ്ടിയും അണ്ടല്‍ 19 ലോകകപ്പിലും അവന്‍ ഹാട്രിക് പ്രകടനം നടത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും രണ്ടാം ടെസ്റ്റില്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.