മുംബൈ :ഏകദിന ലോകകപ്പ് (ODI World cup) കൂടി അടുത്തിരിക്കെ ഇന്ത്യയുടെ ഏഷ്യ കപ്പ് (Asia Cup) സ്ക്വാഡ് പ്രഖ്യാപനത്തിന് വലിയ പ്രധാന്യമാണുള്ളത്. ഏഷ്യ കപ്പിനായി രോഹിത് ശര്‍മ (Rohit Sharma) നേതൃത്വം നല്കുന്ന 17 അംഗ ടീമിനെ അടുത്തിടെ ബിസിസിഐ (BCCI) പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ (Suryakumar Yadav) ഉള്‍പ്പെടുത്തിയപ്പോള്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ടി20 ഫോര്‍മാറ്റിലെ വമ്പനാണെങ്കിലും ലഭിച്ച ഏകദിനത്തില്‍ അവസരങ്ങളിലൊന്നിലും സൂര്യകുമാര്‍ യാദവിന് തിളങ്ങാന്‍ സാധിക്കാത്തതായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഫോര്‍മാറ്റില്‍ ഇതേവരെ കളിച്ച 24 ഇന്നിങ്സുകളില്‍ നിന്ന് വെറും 24.3 ശരാശരിയില്‍ 511 റൺസ് മാത്രമാണ് സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം. എന്നാല്‍ ഈ കണക്കുകളെയെല്ലാം തള്ളിക്കളഞ്ഞ് തന്റെ ഏകദിന ലോക കപ്പ് സ്ക്വാഡില്‍ സൂര്യയ്ക്ക് ഇടം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും സെലക്ഷന് കമ്മിറ്റി അധ്യക്ഷനുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് (Krishnamachari Srikkanth's India Squad).
നിലവില്‍ പ്രഖ്യാപിച്ച ഏഷ്യ കപ്പ് സ്ക്വാഡില്‍ നിന്ന് 15 താരങ്ങളെയാണ് ശ്രീകാന്ത് തന്റെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. സൂര്യയെ നിലനിര്‍ത്താനായി 42 ഏകദിനങ്ങളിൽ നിന്ന് 46.60 ശരാശരിയുള്ള ശ്രേയസ് അയ്യരെയാണ് (Shreyas Iyer) ശ്രീകാന്ത് ഒഴിവാക്കിയതെന്നത് ഏറെ കൗതുകകരമായ കാര്യമാണ്. മധ്യനിരയില്‍ പ്രധാനിയായ ശ്രേയസ് അയ്യരെ കയ്യൊഴിഞ്ഞ് ടീമിലേക്ക് വെറ്ററന്‍ സ്പിന്നല്‍ യുസ്വേന്ദ്ര ചാഹലിനെ (Yuzvendra Chahal) അദ്ദേഹം തിരികെ വിളിച്ചു എന്നത് മറ്റൊരു പ്രത്യേകതയുമാണ്.