ചെന്നൈ : ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഇടം ലഭിക്കാത്തത് ചര്‍ച്ചയായിരുന്നു. സ്റ്റാന്‍ഡ് ബൈ താരമായി ഷമി ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ സഞ്‌ജുവിന് നിരാശയായിരുന്നു ഫലം. രോഹിത് ശര്‍മ നായകനായ ടീമിലേക്ക് പേസര്‍മാരായ ജസ്‌പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ തിരിച്ചെത്തിയിരുന്നു.
പരിക്കേറ്റതിനെ തുടര്‍ന്ന് അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ് ടൂര്‍ണമെന്‍റില്‍ ഇരുവരും കളിച്ചിരുന്നില്ല. എന്നാല്‍ ഷമിയെ പുറത്തിരുത്തിയത് ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്. ഹര്‍ഷല്‍ പട്ടേലിന് പകരം ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
'ഞാനായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ മുഹമ്മദ് ഷമി തീര്‍ച്ചയായും ടീമിലുണ്ടാവുമായിരുന്നു. ബൗണ്‍സും പേസുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചുകളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. തുടക്കത്തില്‍ തന്നെ വിക്കറ്റ് നേടാന്‍ ഷമിക്ക് കഴിയും. ഹര്‍ഷലിന് പകരം ഞാന്‍ ഷമിയെ ഉള്‍പ്പെടുത്തുമായിരുന്നു'- ശ്രീകാന്ത് പറഞ്ഞു.
'ഹര്‍ഷല്‍ മികച്ച ബോളറാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ, ഷമിയാണ് ശരിയായ താരം. ഷമി ടെസ്റ്റിലും ഏകദിനങ്ങളിലും മാത്രമാണ് കളിക്കുന്നത്. എന്നാല്‍ നമ്മള്‍ കളിക്കുന്നത് ഓസ്ട്രേലിയയിലാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ ഷമിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് എന്‍റെ ടീമില്‍ ഷമി തീര്‍ച്ചയായും ഉണ്ടാവുമായിരുന്നു' - ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
'മുഹമ്മദ് ഷമി ഒരു മുൻനിര ബൗളറാണ്. കഴിഞ്ഞ വർഷത്തെ ഐപിഎൽ റെക്കോഡ് നിങ്ങൾ പരിശോധിക്കുക. അതിശയകരമാണ്! മത്സരങ്ങളില്‍ തുടക്കം തന്നെ അവന് വിക്കറ്റുകൾ ലഭിച്ചു. മറ്റാര്‍ക്കാണ് അതിന് കഴിയുക?' - ശ്രീകാന്ത് ചോദിച്ചു.