മുംബൈ: ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും സമീപകാലത്തെ മോശം ഫോമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ തുടര്‍ന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ രാഹുലിന് കഴിഞ്ഞിരുന്നില്ല. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 20 റണ്‍സ് മാത്രമായിരുന്നു രാഹുല്‍ നേടിയത്.
ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിലാകട്ടെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സും മാത്രമാണ് 30കാരന്‍ കണ്ടെത്തിയത്. മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെ പുറത്തിരുത്തിയായിരുന്നു രാഹുലിന് മാനേജ്‌മെന്‍റ് അവസരം നല്‍കിയത്. പരമ്പരയില്‍ ബാക്കിയുള്ള മത്സരങ്ങളിലും താരത്തെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടെ രൂക്ഷ വിമര്‍ശനമാണ് രാഹുലിനെതിരെ ഉയരുന്നത്.
വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും സെലക്‌ടറുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്. നിലവിലെ ഫോമിന്‍റെ അടിസ്ഥാനത്തില്‍ രാഹുല്‍ ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കണമെന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു മുന്‍ താരത്തിന്‍റെ പ്രതികരണം.
"രാഹുലിന്‍റെ കളി ശൈലിയോടും മികവിനോടും എനിക്ക് ആരാധനയുണ്ട്. വാസ്തവത്തിൽ, ഞാൻ അവനെ റോൾസ് റോയ്‌സ് രാഹുൽ എന്നാണ് വിളിക്കുന്നത്. എന്നാല്‍ തന്‍റെ മികവ് പുലര്‍ത്താന്‍ ഇപ്പോള്‍ രാഹുലിന് കഴിയുന്നില്ല.